മുംബൈ: ഉപഭോക്താക്കൾക്കുള്ള ദീപാവലി സമ്മാനമായി ലോകത്തിലെ ഏറ്റവും വലിയ 5ജി ശൃംഖല രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് സേവനം ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. രാജ്യത്തെ മെട്രോ നഗരങ്ങളിലാകും ജിയോ ആദ്യം സേവനങ്ങൾ ആരംഭിക്കുക. 4ജി ശൃംഖലയിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമായിട്ടായിരിക്കും 5ജി ശൃംഖല പ്രവർത്തനം ആരംഭിക്കുകയെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
കുറഞ്ഞ ചിലവിൽ ഏറ്റവും മികച്ച ഗുണനിലവാരമുള്ള 5ജി സേവനമാണ് ജിയോ ലക്ഷ്യമിടുന്നത്. അമേരിക്കയെയും ചൈനയെയും വെല്ലുന്ന ഡേറ്റ സ്വയം പര്യാപ്ത സമ്പദ്ഘടനയായി ഇന്ത്യയെ മാറ്റാനുള്ള ഉദ്യമത്തിൽ ജിയോ മുൻപന്തിയിൽ ഉണ്ടാകുമെന്നും കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ അംബാനി പറഞ്ഞു.
11 ബില്ല്യൺ ഡോളർ മുടക്കിയാണ് 5ജി ലേലത്തിൽ ജിയോ സ്പെക്ട്രം സ്വന്തമാക്കിയിരിക്കുന്നത്. മെട്രോ നഗരങ്ങൾക്ക് പിന്നാലെ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലും ജിയോ ഉടൻ 5ജി സേവനം ആരംഭിക്കും. 2023 ഡിസംബറോടെ 5ജി സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് ജിയോ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും അംബാനി വിശദീകരിച്ചു.
Comments