ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണത്തിൽ സിബിഐ അന്വേഷണം തുടരുന്നതിനിടെ, ബിഹാറിലെ മഹാഗത്ബന്ധൻ സഖ്യം ഏജൻസിക്ക് നൽകിയ സമ്മതം പിൻവലിക്കാൻ ഒരുങ്ങുന്നു. സമ്മതം പിൻവലിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് ആർഡെഡി നേതാക്കൾ സ്ഥിരീകരിച്ചു.
ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടാണ് പ്രകാരമാണ് സിബിഐയുടെ പ്രവർത്തനം. ഡിഎസ്പിഇ നിയമത്തിന്റെ സെക്ഷൻ (6) പ്രകാരമാണ് അന്വേഷണ ഏജൻസിയ്‌ക്ക് സംസ്ഥാനങ്ങളിൽ പ്രവർത്തനാനുമതിയുളളത്. കേന്ദ്രഭരണ പ്രദേശമോ റെയിൽവേയോ അല്ലാതെ, ഒരു സംസ്ഥാനത്തെ ഏത് പ്രദേശത്തും അധികാരവും അധികാരപരിധിയും വിനിയോഗിക്കാൻ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെന്റിലെ സെക്ഷൻ(5) പ്രകാരം ആ സംസ്ഥാന സർക്കാരിന്റെ സമ്മതം ആവശ്യമാണ്.
1946 ലെ ഡൽഹി പോലീസ് ആക്ട് രൂപപ്പെടുത്തിയ ചട്ടങ്ങൾ അനുസരിച്ച് ബിഹാർ സർക്കാർ സിബിഐയുടെ അന്വേഷണത്തിനുള്ള സമ്മതം പിൻവലിക്കണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചതായി ആർജെഡി നേതാക്കൾ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഒരു മെമ്മോറാണ്ടം എല്ലാ ഘടകകക്ഷികൾക്കും ബീഹാർ സർക്കാർ ഉടൻ അയയ്‌ക്കും. ഇതോടെ സിബിഐക്ക് പ്രവർത്തനാനുമതി നിഷേധിക്കുന്ന പത്താമത്തെ സംസ്ഥാനമായി ബിഹാർ മാറും.
മിസോറാം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്‌ട്ര, കേരളം, ഝാർഖണ്ഡ്, പഞ്ചാബ്, മേഘാലയ എന്നീ സംസ്ഥാനങ്ങൾ കേസന്വേഷിക്കാൻ സിബിഐക്ക് പൊതുസമ്മതം പിൻവലിക്കുകയോ നൽകാതിരിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ മഹാരാഷ്‌ട്രയിൽ ഷിൻഡെ സർക്കാർ അധികാരത്തിൽ എത്തിയതോടെ വീണ്ടും സമ്മതം നൽകിയിട്ടുണ്ട്. ആർജെഡി എംഎൽസി സുനിൽ സിംഗ്, മുൻ എംഎൽസി സുബോധ് റോയ്, രാജ്യസഭാ എംപിമാരായ അഹ്മദ് അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ് എന്നിവരുടെ സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി ഒരാഴ്ച തികയുന്നതിന് മുമ്പാണ് സമ്മതപത്രം പിൻവലിക്കാനുള്ള തീരുമാനം.
















Comments