തിരുവനന്തപുരം: ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചടക്കാൻ കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നു എന്ന സുപ്രീംകോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വാക്കുകൾ ഭൂരിപക്ഷ സമുദായം ഇരുത്തി ചിന്തിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശബരിമല യുവതി പ്രവേശന കേസിൽ ക്ഷേത്രാചാരങ്ങൾ മാനിക്കണമെന്ന ധീരമായ നിലപാടെടുത്ത ന്യായാധിപയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ആചാരലംഘനം നടത്താനുള്ള പിണറായി സർക്കാറിന്റെ ഹീനമായ ശ്രമങ്ങൾ കേരളം മറന്നിട്ടില്ല.
ഹിന്ദു മതാചാരങ്ങൾക്കും ക്ഷേത്ര ഭരണത്തിനുംമേൽ മാത്രമാണ് കമ്യൂണിസ്റ്റുകാരുടെ കടന്നുകയറ്റമെന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം ശരി വെയ്‌ക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. മുഴപ്പിലങ്ങാട് ശ്രീകൂർമ്പ ഭഗവതി ക്ഷേത്രത്തിലും കതിരൂർ പുല്യോട്ട് കാവിലും ആചാരവിധിപ്രകാരം നടന്നുവന്നിരുന്ന താലപ്പൊലി മഹോത്സവങ്ങളെ അട്ടിമറിക്കാൻ നീക്കം നടന്നു. ആചാരങ്ങളിൽ മാത്രമല്ല, ക്ഷേത്രഭരണത്തിലും കൈകടത്താൻ കമ്യൂണിസ്റ്റ് പാർട്ടി പലതരത്തിൽ ശ്രമിക്കുന്നുവെന്ന് വി.മുരളീധരൻ ചൂണ്ടിക്കാണിച്ചു. മട്ടന്നൂർ മഹാദേവ ക്ഷേത്രം ഉൾപ്പെടെയുള്ള ഹൈന്ദവ ക്ഷേത്രങ്ങൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റുകാർ ശ്രമിച്ചിരുന്നു.
ദേവസ്വം കമ്മിഷണറായി മറ്റു മതക്കാരെ നിയമിക്കാൻ ലക്ഷ്യമിട്ട് പിണറായി സർക്കാർ കൊണ്ടുവന്ന തിരുവിതാംകൂർ-കൊച്ചി ഹിന്ദു മതസ്ഥാപന നിയമ ഭേദഗതി ഹൈക്കോടതി ഇടപെടൽ മൂലമാണ് നടക്കാതെ പോയത്. ബിജെപി നേതാക്കൾ നടത്തിയ നിയമപോരാട്ടമാണ് കോടതി ഇടപെടലിന് കാരണമായത്. ഗുരുവായൂരപ്പന് അവകാശപ്പെട്ട ദേവസ്വം ഫണ്ടിൽ നിന്ന് പത്തു കോടി സ്വന്തമാക്കിയ പിണറായി വിജയന്റെ നടപടിയും റദ്ദാക്കിയത് ബഹു. കോടതിയാണെന്ന് മന്ത്രി പറഞ്ഞു.
ശ്രീ പദ്മനാഭസ്വാമിക്ഷേത്ര ഭരണത്തിൽ നിന്ന് തിരുവിതാംകൂർ രാജകുടുംബത്തെ അകറ്റിനിർത്താനുള്ള ഗൂഢ നീക്കത്തിന് സുപ്രീംകോടതി തടയിട്ടതാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയത്. ഓരോ തവണ ഭരണം കിട്ടുമ്പോഴും ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചടക്കാൻ കമ്യൂണിസ്റ്റ് സർക്കാർ നടത്തിയ നീക്കങ്ങൾ എണ്ണിപ്പറയാൻ ഒരുപാടുണ്ട്. ശബരിമലയിൽ സ്ത്രീസമത്വം കൊണ്ടുവരാൻ പർദയ്‌ക്കുള്ളിൽ മറച്ച് ചിലരെ രംഗത്തിറക്കിയ പരിഹാസ്യമായ രംഗവും നാട് മറന്നിട്ടില്ല എന്നും എന്തുകൊണ്ടാണ് ഭൂരിപക്ഷ സമുദായത്തോട് മാത്രം കമ്യൂണിസ്റ്റ് അസഹിഷ്ണുത എന്ന് കേരളം ചിന്തിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.
















Comments