ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പതിനാറുകാരിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ ഝാർഖണ്ഡിൽ പ്രതിഷേധം പുകയുന്നു. ധുംക സ്വദേശിനിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെയാണ് ഷാരൂഖ് ഹുസൈൻ എന്ന യുവാവ് കൊലപ്പെടുത്തിയത്. ഉറങ്ങി കിടക്കുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഝാർഖണ്ഡ് പോലീസ് അറിയിച്ചു. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പത്ത് പേരാണ് ഉള്ളത്. കേസിൽ മുഖ്യപ്രതി ഷാരൂഖ് ഹുസൈനെയും കൂട്ടാളി ചോട്ടൂ ഖാനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 23നായിരുന്നു ഷാരൂഖ് ഹുസൈൻ പെൺകുട്ടിയുടെ ദേഹത്ത് തീകൊളുത്തിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ശനിയാഴ്ചയാണ് മരിച്ചത്. പത്ത് ദിവസം മുൻപ് പെൺകുട്ടിയുടെ ഫോണിലേക്ക് ഹുസൈൻ വിളിച്ച് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ കുട്ടി ഇത് നിരസിക്കുകയും പിതാവിനോട് പരാതി പറയുകയും ചെയ്തു. യുവാവിന്റെ ബന്ധുക്കളെ കണ്ട് പിതാവ് വിഷയം സംസാരിക്കാനിരിക്കെയായിരുന്നു കൊലപാതകം.
അങ്കിതയുടെ കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ബിജെപി വ്യക്തമാക്കി. പ്രതി പെൺകുട്ടിയെ മതം മാറ്റാൻ നിരന്തരമായി ശ്രമിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. പ്രണയാഭ്യർത്ഥന സ്വീകരിച്ച് മതം മാറിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















Comments