ബംഗലൂരു: ബംഗലൂരു ഈദ്ഗാഹ് മൈതാനിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഗണേശോത്സവ ആഘോഷങ്ങൾ നടത്താൻ കർണാടക സർക്കാർ അനുമതി നൽകിയതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഹർജിയിന്മേൽ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്ന് രണ്ടംഗ ബെഞ്ച് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടു. ആവശ്യമെങ്കിൽ വിഷയം ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ പരിഗണനയ്‌ക്ക് വിടാവുന്നതാണെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈദ്ഗാഹ് മൈതാനം പെരുന്നാൾ നമസ്കാരങ്ങൾക്ക് പുറമെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കും റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന് ഓഗസ്റ്റ് 25ന് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു. അല്ലാത്ത ദിവസങ്ങളിൽ കായിക വിനോദങ്ങൾക്ക് മാത്രമേ മൈതാനം ഉപയോഗിക്കാവൂ എന്നും കോടതി അറിയിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് പിന്നീട് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെടുകയും, സിംഗിൾ ബെഞ്ച് ഉത്തരവ് പരിഷ്കരിക്കുകയും ചെയ്തിരുന്നു.
ഇതോടെ, മൈതാനിയിൽ ഗണേശോത്സവ ആഘോഷങ്ങൾ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കർണാടക വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് വഖഫ് ബോർഡ് അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി മുസ്ലീങ്ങൾ ഉപയോഗിച്ചു വരുന്ന ഭൂമിയാണ് അതെന്നും സിബൽ വാദിച്ചു.
അതേസമയം മുസ്ലീങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദം നൽകി എന്ന് കരുതി മൈതാനം വഖഫ് ബോർഡിന്റെ സ്വന്തമാണെന്ന് പറയാൻ കഴിയില്ലെന്ന് ബൃഹത് ബംഗലൂരു മഹാനഗര പാലിക വ്യക്തമാക്കി. മൈതാനം സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. അവിടെ മുസ്ലീങ്ങൾക്ക് ഈദ് നമസ്കാരം നടത്താനുള്ള അനുമതി നൽകുക മാത്രമാണ് 1965ൽ ചെയ്തതെന്നും തദ്ദേശ ഭരണകൂടം ചൂണ്ടിക്കാട്ടി.
















Comments