മുംബൈ: ഡേറ്റിങ് ആപ്പിന്റെ സഹായത്തോടെ മൊബൈൽ ഫോണിൽ വീഡിയോ കോൾ വിളിച്ച് സെക്‌സ് ചാറ്റ് നടത്തി ആളുകളെ വലയിലാക്കുന്ന സംഘം പിടിയിൽ. മുംബൈ പോലീസ് നടത്തിയ റെയ്ഡിൽ ഇത്തരത്തിലുളള രണ്ട് കോൾ സെന്ററുകളാണ് കണ്ടെത്തിയത്. 17 പെൺകുട്ടികളെ ഇവിടെ നിന്ന് രക്ഷപെടുത്തുകയും ചെയ്തു. മലാഡ്, കാന്തിവാലി എന്നിവിടങ്ങളിലെ കോൾ സെന്ററുകളിലായിരുന്നു പോലീസ് റെയ്ഡ്.
പിടിയിലായ സംഘത്തിന് ഡൽഹിയും അഗർത്തലയും പശ്ചിമബംഗാളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന ഇടപാട് നടത്തുന്നവരുമായി ബന്ധമുണ്ടെന്നും വലിയ ഒരു ശൃംഖലയുടെ ഭാഗമാണ് ഇവരെന്നും പോലീസ് പറഞ്ഞു. വീഡിയോ കോളുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം റാക്കറ്റുകൾ വലയിലായത് ആദ്യമായിട്ടാണെന്നും പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം ഈ കോൾ സെന്ററുകളുടെ പ്രവർത്തനം ഏതാനും ദിവസങ്ങൾ നിരീക്ഷിച്ചിരുന്നു. ഇതിന് ശേഷമാണ് തിങ്കളാഴ്ച റെയ്ഡ് നടത്തിയത്. വീഡിയോ കോൾ വിളിക്കാൻ പാകത്തിന് ചെറിയ മുറികളിലാണ് പെൺകുട്ടികളെ ഇരുത്തിയിരുന്നത്.
പ്രത്യേക ഡേറ്റിങ് ആപ്പിലൂടെ പാക്കേജ് എടുക്കുന്നവർക്ക് മാത്രമാണ് വിളിക്കാൻ കഴിയുക. പെൺകുട്ടികൾ തട്ടിപ്പിന്റെ ഇരകളാണോ മറ്റ് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ബ്ലാക്ക് മെയിലിങ് പോലുളള കാര്യങ്ങളും നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments