ന്യൂഡൽഹി: രാജ്യത്ത് പൗരത്വനിയം ഏർപ്പെടുത്തുന്നതിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ കാലയളിവിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും.
2020ൽ നടന്ന പ്രതിഷേധത്തിൽ തങ്ങൾ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ല. കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തള്ളണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സോണിയയും രാഹുലും ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
വിദ്വേഷ പ്രസംഗത്തെ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഉത്തരവിടേണ്ട ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തങ്ങളുടെ പ്രസംഗം മതത്തിന്റെയോ വർഗ്ഗത്തിന്റെയോ ഭാഷയുടേതോ ദേശത്തിന്റെയോ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി ആയിരുന്നില്ലെന്ന് സോണിയ ഗാന്ധിയും രാഹുലും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം സെപ്തംബർ അവസാന വാരം ഡൽഹി ഹൈക്കോടതി പരിഗണിക്കും.
2020 ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന് കാരണമായത്, ചില നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗം ആണെന്നും അവർക്കെതിരേ കേസ് എടുക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ലോയേർസ് വോയിസ് എന്ന സംഘടനയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര, മനീഷ് സിസോദിയ, അമാനത്തുള്ള ഖാൻ, ഹർഷ് മന്ദർ തുടങ്ങിയർവർക്ക് എതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
















Comments