കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി നൽകിയത് റിലയൻസ് ഗ്രൂപ്പ്. റിലയൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,88,012 കോടി രൂപ നൽകിയതായി ചെയർമാൻ മുകേഷ് അംബാനി വ്യക്തമാക്കി. റിലയൻസിന്റെ വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ സാമ്പത്തിക വർഷം റിലയൻസ് ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകരായിരുന്നുവെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ദേശീയ ഖജനാവിലേക്കുള്ള സംഭാവന 39 ശതമാനം വർധിച്ച് 1,88,012 കോടി രൂപയായി. സ്വകാര്യമേഖലയിൽ കസ്റ്റംസ്, എക്‌സൈസ് തീരുവയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്നത് റിലയൻസ് ആണ്.
നികുതി വരുമാനത്തിലൂടെ മാത്രമല്ല റിലയൻസ് രാഷ്‌ട്ര നിർമ്മാണത്തിന് സംഭാവന നൽകുന്നു. വിവിധ മേഖലകളിലായി റിലയൻസ് 3,20,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒരാളായി മാറിയെന്ന് അംബാനി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാർ കൂടിയാണ് റിലയൻസ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 8ശതമാനം റിലയൻസിന്റേതാണ്. ഇത് രാജ്യത്തിന് വിലപ്പെട്ട വിദേശനാണ്യം നേടാൻ സഹായിക്കുന്നു. റിലയൻസിന്റെ കയറ്റുമതി 75 ശതമാനം വർധിച്ച് 2,50,000 കോടിയായതായി വ്യവസായ പ്രമുഖൻ അറിയിച്ചു.
ഇതിനുപുറമെ സാമ്പത്തിക വർഷം സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) പ്രവർത്തനങ്ങൾക്കായി 1,185 കോടി രൂപ ചെലവഴിച്ചു. ഗ്രാമീണ പരിവർത്തനം, ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളും കായിക വിനോദങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുൻനിര തൊഴിലാളികൾക്കും ദുർബല സമൂഹങ്ങൾക്കും 8.5 കോടി സൗജന്യ ഭക്ഷണം റിലയൻസ് വിതരണം ചെയ്തു.
കൊറോണയുടെ രണ്ടാം തരംഗത്തിൽ കമ്പനി പ്രതിദിനം 1,000 ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കുകയും ഒരു ലക്ഷത്തിലധികം രോഗികൾക്ക് സൗജന്യമായി നൽകുകയും ചെയ്തു. കൂടാതെ കൊവിഡ് പരിചരണത്തിനായി 2,000ലധികം കിടക്കകളുള്ള ആശുപത്രി സ്ഥാപിച്ചു. ഗ്രാമീണ സംരംഭത്തിന് കീഴിൽ 121 ലക്ഷം ക്യുബിക് മീറ്റർ ജലസംഭരണ ശേഷി സൃഷ്ടിച്ചു. ഇത് കുറഞ്ഞത് രണ്ട് വിള സീസണുകളെങ്കിലും 5,600 ഹെക്ടർ ഭൂമിയിൽ ജലസേചനം ഉറപ്പാക്കി. 10,896 ഗ്രാമീണ കുടുംബങ്ങളെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുകയും സ്വയം സഹായ സംഘങ്ങളിലെ 22,000 അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തു.
Comments