ന്യൂഡൽഹി : ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ പക്കൽ നിന്നും വിദേശ കറൻസി പിടികൂടി.ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ മിസാം റാസയിൽ നിന്നാണ് പണം പിടികൂടിയത്.41 ലക്ഷം രൂപയുടെ കറൻസിയാണ് പിടികൂടിയത്. സ്ത്രീകളുടെ വസ്ത്രമായ ലെഹംഗയുടെ ബട്ടനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസി.
യാത്രക്കാരന്റെ പെരുമാറ്റത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. പിന്നാലെ നടത്തിയ എക്സ് റേ പരിശോധനയിൽ ഒളിപ്പിച്ചു കൊണ്ട് വന്ന കറൻസി പിടികൂടുകയായിരുന്നു. ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കിയ ഇയാളെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചാണ് പരിശോധന നടത്തിയത്.
1,85,500 സൗദി റിയാലുകളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നില്ല. പരിശോധന നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റംസിന് കൈമാറി.
Comments