സദ്യകളിൽ അൺലിമിറ്റഡ് സപ്ലൈ ഓഫ് പപ്പടം നിയമമാക്കണം; ‘പപ്പടലഹള’യിൽ ചുറ്റിപ്പറ്റി സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളുകൾ പൊടിപൊടിയ്‌ക്കുന്നു

Published by
Janam Web Desk

ആലപ്പുഴ: ആലപ്പുഴയില് വിവാഹസദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷവും അടിപിടിയും വാർത്തയായതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലും താരമായി പപ്പടം. ട്രോൾ പേജുകളിൽ നിറയെ പപ്പടലഹള വിഷയമാക്കി ലൈക്കുകൾ വാരിക്കൂട്ടുകയാണ് സ്ഥലത്തെ ആസ്ഥാന ട്രോളന്മാർ. സംഘർഷം ആലപ്പുഴയിലാണെങ്കിലും കൊല്ലംകാർക്കും പഴി കിട്ടുന്നുനുണ്ട്.

സദ്യകളിൽ അൺലിമിറ്റഡ് സപ്ലൈ ഓഫ് പപ്പടം ഒരു നിയമമാക്കണമെന്ന് വരെ ആവശ്യപ്പെട്ടു ട്രോളുകൾ നിറയുന്നുണ്ട്. സദ്യകളിൽ അൺലിമിറ്റഡ് സപ്ലൈ ഓഫ് പപ്പടം ഒരു നിയമമാക്കുക. ആവശ്യത്തിന് പപ്പടം സൂക്ഷിക്കാതിരിക്കുകയോ ആവശ്യപ്പെടുമ്പോൾ നിഷേധിക്കുകയോ ചെയ്താൽ മനുഷ്യാവകാശ ലംഘനമായി കണക്കാക്കി കേസെടുക്കാൻ കഴിയണം എന്ന രീതിയിൽ വരെ വിരുതന്മാർ പോസ്റ്റുകളിട്ടു തുടങ്ങി.

ഒരാൾക്ക് ഒരു പപ്പടമേ കിട്ടൂ എന്നോ അല്ലെങ്കിൽ പരമാവധി ആവശ്യപ്പെടാവുന്ന പപ്പടങ്ങളുടെ എണ്ണം ക്ഷണക്കത്തിൽ തന്നെ പ്രത്യേകം രേഖപ്പെടുത്തുക. അതും നിയമമാക്കുക. കൂടുതൽ പപ്പടം ആവശ്യപ്പെടുന്ന വ്യക്തികളെ സമാധാനപരമായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണം ,അതുമല്ലെങ്കിൽ എക്‌സ്ട്രാ പപ്പടം വേണ്ടവർക്ക് മാത്രമായിട്ട് പ്രത്യേക സദ്യാലയ മേഖല നിശ്ചയിച്ച് അവിടെ മാത്രം വിളമ്പുക.,അതുപോലെ പപ്പടം ഇഷ്ടമില്ലാത്തവർക്കും പ്രത്യേക മേഖല നിശ്ചയിക്കാവുന്നതാണ്.

വെറുതെ വിളമ്പി വച്ചിട്ട് വേസ്റ്റാക്കരുതല്ലോ,ഇത്തരത്തിൽ ഏതെങ്കിലുമൊരു നിയമം പ്രാബല്യത്തിൽ വരുന്നതുവരെ സദ്യകളിൽ പപ്പടത്തിന് സ്റ്റേ ഏർപ്പെടുത്തുക. അനധികൃതമായി വിളമ്പുന്ന പപ്പടം പിടിച്ചെടുത്ത് പൊടിച്ചു കളയുക. എന്നിങ്ങനെയും നിർദ്ദേശങ്ങളും വരുന്നുണ്ട്. സദ്യയിലെ പപ്പടത്തിന്റെ അനിവാര്യതയെക്കുറിച്ച് ജിനേഷ് പിഎസ് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഈ രസകരമായ നിർദ്ദേശങ്ങളുള്ളത്.

Share
Leave a Comment