ഭോപ്പാൽ : ജീവിതം മുഴുവൻ ഇരുട്ടിനോട് പടവെട്ടിക്കൊണ്ട് തന്റെ സ്വപ്‌നം നിറവേറ്റിയിരിക്കുകയാണ് 25 കാരനായ യഷ് സോനാകിയ. സോഫ്റ്റ് വെയർ എഞ്ചനീയറാകണം എന്നതായിരുന്നു യഷിന്റെ എക്കാലത്തെയും ആഗ്രഹം. എന്നാൽ എല്ലാവരെയും പോലെ അത് നിറവേറ്റുക എന്നത് യഷിന് അത്ര എളുപ്പമായിരുന്നില്ല.
എട്ടാം വയസിൽ ഗ്ലോക്കോമ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട യഷ് ഏറെ ബുദ്ധിമുട്ടിയാണ് പ്രതിസന്ധികളെ തരണം ചെയ്തത്. എന്നാൽ കണ്ണുകളിൽ പടർന്ന ഇരുട്ടിന് അവന്റെ നിശ്ചദാർഢ്യത്തെ തോൽപ്പിക്കാനായില്ല. എല്ലാം മറന്ന് അവൻ പഠിച്ചു. ഇൻഡോറിലുള്ള ശ്രീ ഗോവിന്ദ്രം സെക്സാരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (എസ്ജിഎസ്‌ഐടിഎസ്) നിന്ന് 2021-ൽ യഷ് തന്റെ ബിടെക് ബിരുദം നേടി. അവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് മൈക്രോസോഫറ്റ് കമ്പനി അവനെ ജോലിയ്‌ക്കെടുത്തു. ശമ്പളമാകട്ടെ പ്രതിവർഷം 47 ലക്ഷം രൂപയും.
സ്‌ക്രീൻ റീഡർ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ ശേഷം, കോഡിംഗ് പഠിച്ച് മൈക്രോസോഫ്റ്റിൽ ജോലി നോക്കാൻ തുടങ്ങിയെന്ന് യഷ് പറഞ്ഞു. ഓൺലൈൻ പരീക്ഷയ്‌ക്കും ഇന്റർവ്യൂവിനും ശേഷം കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ തസ്തികയിലേക്ക് അവർ തന്നെ തിരഞ്ഞെടുത്തു. ആദ്യം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താൻ ഓഫർ സ്വീകരിച്ചുവെന്നും കമ്പനിയുടെ ബംഗളൂരു ഓഫീസിൽ ഉടൻ ചേരുമെന്നും യഷ് പറഞ്ഞു.
യഷിന്റെ പിതാവ് യശ്പാൽ നഗരത്തിൽ കാന്റീന് നടത്തിവരികയാണ്. തന്റെ മകൻ ജനിച്ച അടുത്ത ദിവസം തന്നെ അവന് കാഴ്ചയ്‌ക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസിലായി. തുടർന്ന് എട്ടാം വയസിൽ കാഴ്ച പൂർണമായും നഷ്ടമാവുകയായിരുന്നു. എന്നാൽ സ്വപ്‌നങ്ങളിൽ നിന്നും അവനെ തങ്ങൾ പിന്തിരിപ്പിച്ചില്ല. അഞ്ചാം ക്ലാസ് വരെ യഷ് ഒരു സ്‌പെഷ്യൽ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് സാധാരണ സ്‌കൂളിലേക്ക് മാറ്റി. പഠനത്തിലും മറ്റുമായി യഷിനെ സഹോദരിയാണ് സഹായിച്ചത്.
യഷ് തന്റെ മൂത്ത മകനാണ്. തനിക്കും അവനെക്കുറിച്ച് കുറേയേറെ സ്വപ്നങ്ങളുണ്ടായിരുന്നു. ഒരു പ്രൊഫഷണൽ സോഫ്റ്റ് വെയർ എഞ്ചിനീയറാകുക എന്ന അവന്റെ സ്വപ്‌നം നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും അച്ഛന്‍ യശ്പാല്‍ പറഞ്ഞു.
















Comments