2022 ഹ്യുണ്ടായ് ട്യൂസൺ അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വെറും പതിനഞ്ച് ദിവസത്തിനുള്ളിൽ 3,000 ബുക്കിംഗുകൾ എസ്‌യുവിയ്‌ക്ക് ലഭിച്ചതോടെ ഉപഭോക്താക്കളിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ട്യൂസൺ എസ്‍യുവിയുടെ ക്രാഷ് ടെസ്റ്റ് സംബന്ധമായ വാർത്തയാണ് പുറത്തു വരുന്നത്. ലാറ്റിൻ എൻസിഎപിയാണ് മോഡലിന്റെ ക്രാഷ് ടെസ്റ്റ് നടത്തിയിരിക്കുന്നത്. ഡ്യുവൽ ഫ്രണ്ട് എയർബാഗുള്ള 2022 ഹ്യൂണ്ടായി ട്യൂസൺ ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ നേടിയത് പൂജ്യം റേറ്റിംഗ് ആണ്.
കഴിഞ്ഞ വർഷം ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ മുൻ തലമുറ ഹ്യൂണ്ടായ് ട്യൂസണും സുരക്ഷാ റേറ്റിംഗിൽ പൂജ്യമായിരുന്നു നേടിയിരുന്നത്. എന്നാൽ അതിശയകരം എന്തെന്നാൽ, യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പുതിയ ഹ്യൂണ്ടായി ട്യൂസൺ മുമ്പ് ഫൈഫ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിരുന്നു. പുതിയ തലമുറ ഹ്യൂണ്ടായി ട്യൂസണിന്റെ രണ്ട് വേരിയെന്റുകളാണ് ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ചത്. മുന്നിൽ രണ്ട് എയർബാഗുള്ള എസ്‍യുവി പൂജ്യം റേറ്റിംഗ് നേടിയപ്പോൾ, ആറ് എയർബാഗുള്ള വേരിയന്റ് ത്രീ-സ്റ്റാർ റേറ്റിംഗും നേടി.
2 എയർബാഗുകളുള്ള ഹ്യൂണ്ടായ് ട്യൂസൺ 2022 മോഡലിന് 20.09 പോയിന്റാണ് ലഭിച്ചത്. കുട്ടികളുടെ സുരക്ഷയിൽ വാഹനത്തിന് ലഭിച്ചത് വെറും 2.62 പോയിന്റാണ്. ക്രാഷ് ടെസ്റ്റ് ചെയ്ത ഹ്യൂണ്ടായ് ട്യൂസൺ എസ്‌യുവികൾ ദക്ഷിണ കൊറിയ / ചെക്ക് റിപ്പബ്ലിക്കിൽ നിർമ്മിച്ചതാണ്. മുതിർന്ന യാത്രക്കാരുടെ തലയ്‌ക്കും കഴുത്തിനും നൽകുന്ന സംരക്ഷണം മികച്ചതായിരുന്നു. നെഞ്ചിന്റെ ഭാഗത്തും സുരക്ഷ മെച്ചപ്പെട്ടപ്പോൾ, കാൽ മുട്ടുകളുടെ ഭാഗത്ത് ചെറിയ സംരക്ഷണം മാത്രമാണ് ലഭിക്കുന്നത്. വാഹനത്തിന്റെ ഫുട്‌വെൽ ഏരിയയും വാഹനത്തിന്റെ പുറം ചട്ടയും സ്ഥിരതയുള്ളതായി റേറ്റുചെയ്‌തു. എന്നാൽ സ്‌കോറിംഗിനായി ലാറ്റിൻ എൻസിഎപി മുന്നോട്ട് വെയ്‌ക്കുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് ട്യൂസൺ എസ്‍യുവിയ്‌ക്ക് പൂജ്യം റേറ്റിംഗ് ലഭിക്കാൻ കാരണം.
















Comments