ഇടുക്കി: പുരോഗമന പാർട്ടി എന്ന് പറഞ്ഞു നടക്കുകയും പ്രാകൃതമായ നിലപാടുകൾ സ്വീകരിക്കുന്നവരുമാണ് കേരളത്തിലെ പല രാഷ്‌ട്രീയ പ്രവർത്തകരുമെന്ന് ഇ എസ് ബിജി മോൾ. സി പി ഐ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ സ്ത്രീ ആയതുകൊണ്ട് തന്നെ അകറ്റി നിർത്തിയ പാർട്ടി നിലപാടിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനം നടത്തുകയായിരുന്നു ബിജിമോൾ. സ്ത്രീ ആണെന്ന പരിഗണന തനിക്കാവശ്യമില്ലന്നും വനിതാ സെക്രട്ടറി എന്ന ആവശ്യം പാർട്ടി അംഗീകരിക്കില്ലെന്നും അവർ പറയുന്നു.
നാഴികയ്‌ക്ക് നാൽപ്പതു വട്ടം പുരോഗമന വാദം പ്രസംഗിച്ച് ജെൻട്രൽ ന്യുട്രാലിറ്റിയെ കുറിച്ചും സ്ത്രീപക്ഷത്തെ കുറിച്ചും തള്ളുന്നവർ പുസ്തകം വായിച്ചു പഠിച്ചതിൽ നിന്നും കിട്ടിയ വിവരമാണ് പ്രചരിപ്പിക്കുന്നത്. പുരോഗമന കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന പലരുടെയും മനസ്സ് കറുപ്പാണെന്നും പ്രാകൃത ചിന്താഗതിക്കാരേക്കാൾ അധപ്പതിച്ചവരാണെന്ന് മുൻ എം എൽ എ കൂട്ടിച്ചേർത്തു.
സ്ത്രീയാണെന്ന പരിഗണന നൽകി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ തനിക്ക് താല്പര്യമില്ല. സ്ത്രീകളെ എല്ലാക്കാലത്തും ദുരുപയോഗം ചെയ്യുന്ന ആദർശ രാഷ്‌ട്രീയം പറയുന്ന വക്താക്കളുടെ നെറികേടുകൾ ട്രോമയായി തന്നെ വേട്ടയാടുമെന്നും സൂചിപ്പിക്കുന്നു. 27 വർഷങ്ങൾക്ക് മുമ്പ് ത്രിതല പഞ്ചായത്തുകളിൽ സ്ത്രീ സംവരണം നടപ്പിലാക്കിയതിനെ തുടർന്ന് സജീവ രാഷ്‌ട്രീയ പ്രവർത്തന രംഗത്ത് എത്തിയ തന്നെ പോലെയുള്ളവർക്ക് ഇത്തരം സ്ത്രീവിരുദ്ധ അനുഭവങ്ങൾ ധാരാളമായി പറയാനുണ്ടാവകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന ഏത് പൊന്നുതമ്പുരാനായാലും അവരോട് ബഹുമാനക്കുറവാണെന്നും സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ താൻ ഒരു അധികപ്രസംഗിയായി തോന്നുന്നുണ്ടെങ്കിൽ തനിക്ക് ഒരു ചുക്കുമില്ലന്നും പറയുന്നു.
















Comments