തിരുവനന്തപുരം: എം വി ഗോവിന്ദൻ സി പി എം സംസ്ഥാന സെക്രട്ടറി ആയ ഒഴിവിൽ പുതിയ മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ സന്ദർശനം നടത്തുന്നതിനാൽ ഉച്ചവരെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഇക്കാരണത്താൽ രാവിലെ ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റിൽ മുഖ്യമന്തി പങ്കെടുക്കില്ല. ഉച്ച കഴിഞ്ഞു തിരുവനന്തപുരത്തെത്തുന്ന പിണറായി വിജയൻ പുതിയ മന്ത്രിയെ പ്രഖ്യാപിക്കാൻ സാദ്ധ്യത ഉണ്ടെന്നാണ് സൂചന.
എം വി ഗോവിന്ദൻ ഇന്നോ നാളെയോ രാജി വെച്ചേക്കും. പുതിയ മന്ത്രിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ, കെ വി കുഞ്ഞമ്പു , പി നന്ദകുമാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. മുൻ മന്ത്രി സജി ചെറിയാൻ രാജി വെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കും നിയമനം നടന്നേക്കുമെന്ന് അറിയാൻ കഴിയുന്നു.
മുൻ മന്ത്രിമാർക്ക് വീണ്ടും അവസരം നൽികില്ലെന്ന തീരുമാനം ഉള്ളതുകൊണ്ട് കെ കെ ശൈലജയ്‌ക്കും, എം എം മണി ഉൾപ്പെടുന്ന പാർട്ടിയുടെ മുതിർന്ന നേതാക്കൾക്ക് മന്ത്രി സ്ഥാനം ലഭിക്കാൻ സാദ്ധ്യത ഇല്ല. സി പി എം സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് കാരണം ഒഴിഞ്ഞതോടെയാണ് മന്ത്രി ആയിരുന്ന എം വി ഗോവിന്ദനെ പുതിയ പാർട്ടി സെക്രട്ടറിയായി നിയമിച്ചത്.
Comments