മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പേഴ്സണൽ സെക്രട്ടറി മിലിന്ദ് നർവേക്കറുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം മഹാരാഷ്ട്രയിലുടനീളം പൊതുജനസമ്പർക്ക പ്രചാരണം ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഇതോടെ മിലിന്ദ് നർവേക്കർ ഷിൻഡെ ക്യാമ്പിലേയ്ക്ക് പോയേക്കുമെന്നുള്ള ചർച്ചകൾ സജീവമാകുകയാണ്.
25 വർഷത്തിലേറെയായി ഉദ്ധവ് താക്കറെയുടെ വിശ്വസ്തനാണ് നർവേക്കർ. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുന്നതിന് ഡൽഹിയിലെത്തി കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതും ഇദ്ദേഹമാണ്. 2018 ജനുവരിയിലാണ് പാർട്ടിയുടെ സെക്രട്ടറിയായി നർവേക്കറെ നിയമിക്കുന്നത്. ഉദ്ധവിനെതിരെ വിമർശനം ഉന്നയിച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന എംഎൽഎമാർ അഘാഡി സംഖ്യത്തിൽ നിന്ന് പിൻമാറിയപ്പോൾ അവരെ സൂറത്തിലെ ലെ മെറിഡിയൻ ഹോട്ടലിൽ ചെന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചതും മിലിന്ദ് നർവേക്കറായിരുന്നു.
വരും മാസങ്ങളിൽ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏകനാഥ് ഷിൻഡെ-മിലിന്ദ് നർവേക്കർ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ് താക്കറെയുടെ സഖ്യം ബിജെപി പണ്ടേ തള്ളിക്കളഞ്ഞതാണ്. എന്നാൽ ഷിൻഡയുടെ നേതൃത്വത്തിലുള്ള ശിവസേനയോടുള്ള രാജ്താക്കറയുടെ അടുപ്പം ബിജെപി-ഷിൻഡെ സഖ്യത്തിന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയം സമ്മാനിക്കുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ് ഉദ്ധവിന്റെ വിശ്വസ്തനുമായുള്ള കൂടിക്കാഴ്ചയും.
Comments