കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ അന്വേഷണവുമായി ജിഎസ്ടി വകുപ്പ്. സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെ ഇന്ന് കോഴിക്കോട് ജവഹർനഗറിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.
സംഘടന ക്ലബ്ബാണെന്നായിരുന്നു ഇടവേള ബാബു വകുപ്പിനെ അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ സംഘടനയ്‌ക്ക് ജിഎസ്ടി രജിസ്‌ട്രേഷനില്ലെന്ന് വ്യക്തമായതോടെ അന്വേഷണം ആരംഭിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.സ്റ്റേറ്റ് ജിഎസ്ടി ഐബി ഇന്റലിജൻസ് ഓഫീസർ ദിനേശിന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
കേരളത്തിലും വിദേശത്തും സംഘടിപ്പിച്ച മെഗാഷോകൾക്ക് ഉൾപ്പെടെ നികുതി അടച്ചിട്ടുണ്ടോ എന്നായിരുന്നു ജിഎസ്ടി വകുപ്പ് ആരാഞ്ഞത്. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയാണ് സംഘടന ഷോകൾ സംഘടിപ്പിക്കുന്നത്. അതിനാൽ വലിയ നികുതി അടക്കേണ്ടതായിട്ടുണ്ട്. ഇത് സംബന്ധിച്ച ചില രേഖകൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
അതേസമയം സംഘടനയുടെ വരവുചിലവ് കണക്കുകളെക്കുറിച്ചാണ് ജിഎസ്ടി വകുപ്പ് ചോദിച്ചതെന്ന് ഇടവേളബാബു പ്രതികരിച്ചു.
Comments