ചെന്നൈ: പ്രമാദമായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചില മാദ്ധ്യമങ്ങൾ ഉത്തരവാദിത്തം മറക്കുന്നതായി മദ്രാസ് ഹൈക്കോടതി. 2019ലെ പൊള്ളാച്ചി കൂട്ടബലാത്സംഗ കേസ് ചില മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തുന്നതായി ജസ്റ്റിസ് എം ദണ്ഡപാണി അറിയിച്ചു. ചില മാദ്ധ്യമങ്ങളെ നയിക്കുന്നത് റേറ്റിംഗും സാമ്പത്തിക താത്പര്യങ്ങളുമാണെന്നും, അതിജീവിതയോടോ കുടുംബത്തോടോ അവർ യാതൊരുവിധ പരിഗണനകളും കാണിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
വിചാരണയെ ബാധിക്കുന്ന തരത്തിൽ അതിജീവിതയുടെ യാതൊരു തരത്തിലുമുള്ള വ്യക്തിഗത വിവരങ്ങളോ അവസ്ഥകളോ വെളിപ്പെടുത്താൻ പാടില്ല. ഉത്തരവാദിത്തബോധം മറന്ന് പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളെ നിയമപരമായി അത് ഓർമ്മിപ്പിക്കേണ്ടി വരും. വിചാരണയെ മാദ്ധ്യമങ്ങൾ ഏതെങ്കിലും തരത്തിൽ തടസ്സപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
2019ൽ നടന്ന പൊള്ളാച്ചി കൂട്ടബലാത്സംഗത്തിന്റെ മുഴുവൻ ദൃശ്യങ്ങളും, അതിജീവിതയുടെ മുഖം മറച്ച് ഒരു തമിഴ് മാദ്ധ്യമം സംപ്രേഷണം ചെയ്തിരുന്നു. ഇതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതികരണം ഉണ്ടായത്.
Comments