വനിതാ ടെന്നീസ് എന്ന പേരു കേട്ടാൽ മനസ്സിലേക്ക് ആദ്യം ഓടി വരുന്ന പേരാണ് സെറീന വില്യംസ്. കളിക്കളത്തിലെ തന്റെ അവസാന കളിയും പൂർത്തിയാക്കി കറുപ്പിന്റെ ഏഴഴക് എന്നന്നേക്കുമായി വിടപറഞ്ഞു. യു എസ് ഓപ്പണിലെ രണ്ടാം റൗണ്ടിൽ ഓസ്‌ട്രേലിയയുടെ ടോംലാനോവിച്ചിനോട് പൊരുതി തോറ്റാണ് സെറീനയുടെ മടക്കം.
1995 മുതൽ വനിതാ ടെന്നീസിൽ എതിരാളികൾക്ക് മുന്നിലെ കൊടുങ്കാറ്റായിരുന്നു സെറീന. 1999ൽ ഫ്ലഷിങ് മെഡോസിൽ തന്റെ ആദ്യ ഗ്രാൻസ്ലാം കിരീടം ഉയർത്തുമ്പോൾ അതിജീവനത്തിന്റെ സ്വർണ്ണ ചിറകുകൾ വിടർത്തി പറക്കാൻ തയ്യാറെടുക്കുകയായിരുന്നു അവൾ. ഓരോ കളിയിലും മിന്നൽ പിണർ പോലെ എതിരാളിയുടെ മേൽ പടർന്നു പിടിച്ച് മുന്നേറാൻ സെറീനക്ക് തുണയായത് താൻ ജീവിച്ചു വളർന്ന ചുറ്റുപാടുകളിൽ നിന്നും ലഭിച്ച കരുത്ത് മാത്രമാണ്.
27 വർഷം കൊണ്ട് ഓരോ കിരീടങ്ങളും നേടിയെടുത്ത് ജയിച്ചു കേറുമ്പോഴും ആ കറുത്ത സുന്ദരിയുടെ മനസ്സിൽ കുറിച്ചിട്ടത് അടിച്ചമർത്തപെട്ടവരെ തല ഉയർത്തി നിർത്താൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യ ബോധമായിരുന്നു. തന്റെ ദൃഢനിശ്ചയം കാരണം നേടിയെടുത്തത് ലോകത്ത് ഏറ്റവും അധികം ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ട വനിതയെന്ന ബഹുമതിയാണ്. സഹോദരി വിനീസുമായി ചേർന്ന് ഡബിൾ കിരീടങ്ങൾ സഹിതം നാല് ഒളിമ്പിക്സ് കിരീടങ്ങളും സെറീന വില്യംസ് എന്ന ഇതിഹാസം നേടി.
അതിജീവനത്തിന്റെ പോരാളിയാണ് സെറീന. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തന്റേടത്തോടെ നേരിട്ട് വിജയം വരിച്ച ധീര വനിത. അമ്മയായിട്ടും കളിക്കളത്തിൽ ചൂടും ചൂരും നഷ്ടപ്പെടാതെ ചുറുചുറുക്കോടെ എതിരാളിയുടെ ദുർബലത മനസ്സിലാക്കി ചാട്ടുളി പോലെ പാഞ്ഞു ചെന്ന് മലർത്തിയടിച്ച് ആരാധകരെ ത്രസിപ്പിച്ച പ്രതിഭാസം. തന്റെ നിറത്തെ വെറുപ്പോടെ നോക്കി കണ്ട വെളുത്ത വർഗ്ഗക്കാരായ അമേരിക്കൻ വംശ വെറിയുടെ ദുർഗന്ധം വമിക്കുന്ന തിട്ടൂരങ്ങൾക്കെതിരെ തല ഉയർത്തി നിന്ന് അവരുടെ മുന്നിൽ ചരിതം പടുത്തുയർത്തിയ കറുപ്പിന്റെ സൗന്ദര്യമാണ് സെറീന.
ലോക വനിതാ ടെന്നീസിൽ നിന്നും സെറീന വില്യംസ് എന്ന ഇതിഹാസം വിടപറയുമ്പോൾ ആ വിടവ് നികത്താൻ മറ്റാർക്കും സാധ്യമല്ല. കാരണം സെറീനയ്‌ക്ക് തുല്യം സെറീന മാത്രമാണ്. 1999ൽ ഫ്ലഷിങ് മെഡോസിൽ ആദ്യ ഗ്രാൻസ്ലാം കിരീടം നേടിയ അതേ സ്റ്റേഡിയത്തിൽ 27 വർഷങ്ങൾക്ക് ശേഷം തന്റെ ആരാധകർക്ക് മുന്നിൽ തോറ്റ് മടങ്ങുകയായിരുന്നു.
സന്തോഷത്തിന്റെ അമൃത കുംഭം നെറുകയിൽ ചൂടിയ തന്റെ ആദ്യ കിരീടം നേടിയ അതേ കളിക്കളത്തിൽ കണ്ണീർ നുകർന്ന് വിടവാങ്ങിയത് ഒരു കാലത്തിന്റെ ഇതിഹാസമായിരുന്നു. ആർക്കും തടുക്കാൻ കഴിയാത്ത പ്രതിരോധത്തിന്റെ കുന്തമുന. എതിരാളികളെ മുട്ട് കുത്തിക്കുന്ന കരുത്തിന്റെ പ്രതീകം. കാലം എത്ര തന്നെ മാറി മറിഞ്ഞാലും ചരിത്രത്തിന്റെ സുവർണ്ണ ഇതളുകളിൽ പോരാട്ടത്തിന്റെ ഇതിഹാസമായി എഴുതി ചേർക്കപ്പെട്ടത് യുഗത്തിന്റെ പ്രതീകമായിരുന്നു. ലോക വനിതാ ടെന്നീസിൽ ഇനി സെറീനയില്ല അതിജീവനത്തിന്റെ രാജകുമാരിക്ക് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.
















Comments