യൂറോപ്പിലേക്കുളള യാത്ര ഏത് മലയാളികളുടെയും സ്വപ്‌നമാണ്. ലോകത്തെ ഏറ്റവും സുന്ദരമായ ഭൂഖണ്ഡം, ഉയർന്ന ചിന്താഗതിയുളള ജനങ്ങൾ, സാങ്കേതിക രംഗത്തെ മികവ് എന്നിങ്ങനെ നമ്മളെ വിസ്മയിപ്പിക്കുന്ന നിരവധി കാഴ്‌ച്ചകളാൽ സമ്പന്നമാണ് യൂറോപ്പ്. മറ്റൊരിടത്തും ലഭിക്കാത്ത നൈറ്റ് ലൈഫ് അനുഭവങ്ങളും യൂറോപ്പിന്റെ മാത്രം പ്രത്യേകതയാണ്. എന്നാൽ മലയാളികളുടെ യൂറോപ്യൻ സ്വപ്‌നങ്ങൾക്ക് മുന്നിൽ വിലങ്ങ് തടിയായി നിൽക്കുന്നത് അവിടത്തെ താങ്ങാനാവാത്ത ചെലവാണ്.
ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങൾ യൂറോപിലാണ് എന്നത് യാഥാർഥ്യമാണ്. ലണ്ടൻ, പാരീസ് പോലുളള നഗരങ്ങൾ സുന്ദരമായ കാഴ്‌ച്ചകൾ സമ്മാനിക്കുമെങ്കിലും ഉയർന്ന ചെലവ് കാരണം പോകാൻ മടിക്കുന്നു. എന്നാൽ അധികം ചെലവില്ലാതെ പോയി വരാൻ കഴിയുന്ന നിരവധി നഗരങ്ങളും യൂറോപ്പിലുണ്ട്. കുറഞ്ഞ ചെലവിൽ മനോഹരമായ കാഴ്‌ച്ചകൾ കണ്ട് വരാവുന്ന യൂറോപ്യൻ നഗരങ്ങൾ ഏതെല്ലാം ആണെന്ന് പരിശോധിക്കാം.
ഏഥൻസ്: പോസ്റ്റ് ഓഫീസ് ട്രാവൽ മണി സിറ്റി കോസ്റ്റ് ബാരോമീറ്റർ പ്രകാരം ഇടവേളകൾ ചെലവഴിക്കാൻ കഴിയുന്ന യൂറോപ്പിലെ ഏറ്റവും വിലകുറഞ്ഞ സ്ഥലമായി ഗ്രീസിന്റെ തലസ്ഥാനത്തെ തിരഞ്ഞെടുത്തു. 15 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പടിഞ്ഞാറൻ യൂറോപ്യൻ നഗരം കിഴക്കൻ യൂറോപ്പിനെ പിന്തള്ളി ബജറ്റ് സൗഹൃദ അവധി ദിനങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ബ്രിട്ടീഷുകാർക്ക്, ഏഥൻസിലേക്കുള്ള ഒരു യാത്രയ്‌ക്ക് രണ്ട് ദിവസത്തേക്ക് 207 പൗണ്ട് (ഏകദേശം 19,000 രൂപ) ചിലവാകും. മനോഹരമായ ബീച്ചുകൾ മാത്രമല്ല, ചരിത്രപരമായ അവശിഷ്ടങ്ങളും ലാൻഡ്മാർക്കുകളും കൂടിയാണ് ഈ നഗരം.
ലിസ്ബൺ: രണ്ട് രാത്രി ഹോട്ടലിൽ താമസം, കാഴ്ചകൾ, പ്രാദേശിക ഗതാഗതം എന്നിവയുൾപ്പെടെ ദമ്പതികൾക്ക് 218 പൗണ്ട് (20,000 രൂപ) ചെലവിൽ പോർച്ചുഗലിന്റെ തലസ്ഥാനം ചുറ്റി കാണാം. നല്ല കാലാവസ്ഥയും അതിശയകരമായ വാസ്തുവിദ്യയുമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ക്രാക്കോവ്: പോളണ്ടിലെ ക്രാക്കോവിൽ ഒരു ചെറിയ ഇടവേള ചെലവഴിക്കാൻ ഏകദേശം 218 പൗണ്ട് ചിലവാകും. ചെക്ക് റിപ്പബ്ലിക്കിന്റെ അതിർത്തിയിലുള്ള ഈ നഗരം ചരിത്രാന്വേഷകർക്ക് മികച്ച ഇടമാണ്. കല്ലുകൾ പാകിയ തെരുവുകൾക്കും മനോഹരമായ വാസ്തുവിദ്യയ്‌ക്കും പേരുകേട്ടതാണ് ഈ നഗരം.
റിഗ: ലാത്വിയയിലെ റിഗയിലേക്കുള്ള ഒരു യാത്ര നിങ്ങൾക്ക് 220 പൗണ്ട് അല്ലെങ്കിൽ ഏകദേശം 20,100 രൂപ ചെലവാകും. പത്തൊൻപതാം നൂറ്റാണ്ടിലെ തടി വാസ്തുവിദ്യയ്‌ക്കും സമ്പന്നമായ സാംസ്‌കാരിക ജീവിതത്തിനും പേരുകേട്ടതാണ് റിഗ.
ബുഡാപെസ്റ്റ്: ബാരോമീറ്റർ അനുസരിച്ച് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് കുറഞ്ഞ ചെലവിൽ മികച്ച കാഴ്ചകൾ ലഭിക്കുന്ന നഗരമാണ്. ഒരു ദിവസം 220.95 പൗണ്ടിനുളളിൽ ചെലവ് ഒതുക്കാം.
പ്രാഗ്: നഗര വിശ്രമത്തിനുള്ള ഏറ്റവും വിലകുറഞ്ഞ യൂറോപ്യൻ സ്ഥലങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ്. ബുഡാപെസ്റ്റിനെപ്പോലെ, ഡാന്യൂബ് നദിക്ക് കുറുകെയുള്ള നഗരമാണ് പ്രാഗ്. അതിശയകരമായ കോട്ടകളും ഗോതിക് കത്തീഡ്രലുകളും ഉണ്ട്. ഒരു ഇടവേളയ്‌ക്ക് ഏകദേശം 248 പൗണ്ട് (ഏകദേശം 22,750 രൂപ)
മാഡ്രിഡ്: സ്‌പെയിനിലെ മാഡ്രിഡ് ഐതിഹാസികമായ രാത്രി ജീവിതത്തിന് പേരുകേട്ടതാണ്, മാത്രമല്ല ഭക്ഷണ രുചികളും ചരിത്രപരമായ കെട്ടിടങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്. രണ്ട് ദിവസത്തെ യാത്രയ്‌ക്ക് ഏകദേശം 298 പൗണ്ട് അല്ലെങ്കിൽ 27,300 രൂപ ചിലവാകും.
Comments