ദിസ്പൂർ:പ്രസവതീയതിയ്‌ക്ക് മൂന്നര മാസം മുൻപ് നിർബന്ധിത സിസേറിയൻ നടത്തി ആശുപത്രി അധികൃതർ. അസമിലെ ആശുപത്രിയിലാണ് സംഭവം. യുവതിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
രണ്ടാഴ്ച മുൻപാണ് യുവതിയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം നീരിക്ഷണത്തിലാക്കിയ ശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഡിസംബറിലാണ് പ്രസവ തീയതി എന്ന് ഡോക്ടർമാർക്ക് അറിയാമായിരുന്നിട്ടും തങ്ങളോട് ആലോചിക്കാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ശസ്ത്രക്രിയയിൽ കുഞ്ഞിന് മാസം തികഞ്ഞിട്ടില്ലെന്ന് മനസിലാക്കിയതോടെ കുഞ്ഞിനെ പുറത്തെടുക്കാതെ മുറിവുകൾ തുന്നിക്കെട്ടി. സംഭവത്തെ കുറിച്ച് പുറത്ത് പറയരുതെന്ന താക്കീതും ഡോക്ടർമാർ യുവതിയ്‌ക്ക് നൽകി.
ഡിസ്ചാർജിന് ശേഷം യുവതിയുടെ നില വഷളാകുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ സംഭവിച്ചത് പുറം ലോകമറിയുന്നത്. യുവതിയുടെ ബന്ധുക്കളാണ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടത്. ഇത്തരത്തിലൊരു സംഭവം നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ഡോക്ടർ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പതിന്നൊന്നംഗ കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്.
നിലവിൽ യുവതിയെ സംഭവം നടന്ന ആശുപത്രിയിൽ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന് കുഴപ്പങ്ങൾ ഇല്ലെന്നും ആരോഗ്യവാനാണെന്നും സ്‌കാനിംഗിൽ വ്യക്തമായി.
















Comments