കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇസ്ലാമിക നിയമങ്ങൾ മാത്രം മതിയെന്ന് താലിബാൻ. വാർത്താ സമ്മേളനത്തിൽ താലിബാൻ നീതിന്യായ സഹമന്ത്രി അബ്ദുൾ കരീം ഹയ്ദർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇസ്ലാമിക നിയമങ്ങൾക്ക് കഴിയുമെന്നും, അതിനായി ഭരണഘടന ആവശ്യമില്ലെന്നും ഹൈദർ വ്യക്തമാക്കി.
എല്ലാ ഇസ്ലാമിക രാജ്യങ്ങളിലെയും നിയമശാസ്ത്രത്തിന്റെ ആധാരം എന്നത് ഖുർആൻ ആണ്. ഇതിനെയാണ് ഭരണഘടനയെന്ന് പൊതുവെ വിളിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇസ്ലാമിക നിയമങ്ങളെ ആധാരമാക്കിക്കൊണ്ടുള്ള ഭരണഘടനയാണ് നിയമന്ത്രാലയം നിർമ്മിക്കാൻ ഒരുങ്ങുന്നത്. അദ്ദേഹത്തിൽ നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണ്. എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കുന്ന ഒരു ഭരണഘടന ഉടൻ നിർമ്മിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്നും ഹൈദർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഹൈദർ ഒഴിഞ്ഞുമാറി. സ്ത്രീകളുടെ അവകാശങ്ങൾ എപ്പോൾ പുന:സ്ഥാപിക്കുമെന്ന് ചോദിച്ചപ്പോൾ ഇസ്ലാമിക നിയമപ്രകാരം അവർക്കും അവകാശങ്ങൾ ഉറപ്പുവരുത്തുമെന്ന് ആയിരുന്നു ഹൈദറിന്റെ മറുപടി. അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്നും ഹൈദർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
Comments