പാലക്കാട്: ശ്രീകൃഷ്ണ ജയന്തിയ്‌ക്ക് പിന്നാലെ ഗണേശോത്സവവും ഏറ്റെടുത്ത് സിപിഎം. പാലക്കാട് ചിറ്റൂരിലാണ് സിപിഎം പ്രവർത്തകർ വിപുലമായി ഗണേശോത്സവം സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗണേശോത്സവം സംഘടിപ്പിച്ചത് പ്രദേശവാസികളാണെന്നാണ് സിപിഎം പ്രവർത്തകരുടെ വാദം.
കഴിഞ്ഞ ദിവസമായിരുന്നു ചിറ്റൂർ അഞ്ചാം മൈലിൽ സിപിഎം ഗണേശോത്സവം ആഘോഷിച്ചത്. ആഘോഷത്തിന്റെ ഭാഗമായി നിമഞ്ജന ശോഭയാത്ര കടന്നു പോകുന്ന വഴിയിലെല്ലാം സിപിഎം പ്രവർത്തകർ കാവിക്കൊടികൾ സ്ഥാപിച്ചിരുന്നു. ഗണേശ ചിത്രങ്ങൾ ആലേഖനം ചെയ്ത കൊടികൾ ആയിരുന്നു കിലോ മീറ്ററുകളോളം പ്രവർത്തകർ സ്ഥാപിച്ചിരുന്നത്. വിപുലമായ ശോഭയാത്രയും പ്രവർത്തരുടെ നേതൃത്വത്തിൽ നടന്നു.
ചുവപ്പു മുണ്ടും, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള ഷർട്ടുകളും ധരിച്ചായിരുന്നു പ്രവർത്തകർ ശോഭയാത്രയിൽ പങ്കെടുത്തത്. മേട്ട് കട മുതൽ നിലം പതിവരെ നടത്തിയ യാത്രയ്‌ക്കുശേഷം ഗണേശ വിഗ്രഹം ശോകനാശിനി പുഴയിൽ നിമഞ്ജനം ചെയ്തു. ഗണേശന്റെ ചിത്രമുള്ള കാവിക്കൊടികൾ കൈകളിലേന്തിയായിരുന്നു പ്രവർത്തകർ ശോഭയാത്രയെ അനുഗമിച്ചത്. ചുവപ്പു വസ്ത്രങ്ങൾ അണിഞ്ഞ് സ്ത്രീകളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
എന്നാൽ സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെ
വിശദീകരണവുമായി സിപിഎം പ്രവർത്തകർ രംഗത്ത് എത്തി. പ്രദേശവാസികൾ ആണ് പരിപാടി സംഘടിപ്പിച്ചതെന്നും, കാവിക്കൊടിയല്ല മഞ്ഞക്കൊടിയാണ് ഉപയോഗിച്ചതെന്നുമാണ് ഇവരുടെ വിശദീകരണം.
















Comments