ന്യൂഡൽഹി: മദ്യ കുംഭകോണക്കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾ നടത്തുന്ന കമ്മീഷൻ ഇടപാടുകളുടെ ദൃശ്യം പുറത്തു വിട്ട് ബിജെപി. മദ്യ കുംഭകോണത്തിൽ പങ്കില്ല എന്ന് പറഞ്ഞു ആരോപണം നിഷേധിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇതോടെ വെട്ടിലായി. ആപ്പിന്റെ പങ്ക് ആരോപിക്കുന്ന സ്റ്റിംഗ് ഓപ്പറേഷൻ ദൃശ്യം ബിജെപി ദേശീയ വക്താവ് സാംബിത് പത്ര പുറത്തു വിട്ടു.
സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികൾക്ക് എഎപി സർക്കാർ ലൈസൻസ് നൽകിയെന്നും കോടികളുടെ പണം ഇവരിൽ നിന്ന് കൈപ്പറ്റിയെന്നുമാണ് ബിജെപി ഉന്നയിച്ച ആരോപണം. മദ്യ കുംഭകോണത്തിലെ ദൃശ്യത്തിൽ പ്രതിയായ കുൽവീന്ദർ മർവയും പിതാവും ഉൾപ്പെട്ടിരിക്കുന്നതായി കാണാം എന്ന് പത്ര ചൂണ്ടിക്കാട്ടുന്നു.
സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കമ്പനികൾക്ക് ഡൽഹി സർക്കാർ ലൈസൻസ് നൽകിയെന്ന കാര്യം ശരിയാണെന്നും താനുൾപ്പെടുന്നവർ ഇതിൽ ഉണ്ടെന്ന് മർവ തന്നെ സമ്മതിച്ചതായി ബിജെപി വക്താവ് പറഞ്ഞു. ലൈസൻസ് നൽകാമെന്ന് പറഞ്ഞ കമ്പനികൾക്ക് എത്ര ബാറുകൾ വേണമെങ്കിലും തുറക്കാമെന്നും അതിനായി താനുൾപ്പെടുന്നവരിൽ നിന്നും 253 കോടി രൂപ വാങ്ങി. വാഗ്ദാനങ്ങൾ നൽകി ഡൽഹിയിലെ നിരവധി സമ്പന്നരിൽ നിന്നും മൊത്തം 500 കോടി രൂപ വാങ്ങിയെന്നും മർവ പറഞ്ഞു.
കരിമ്പട്ടികയിൽ പെടുത്തിയിരുന്ന കമ്പനികൾക്ക് ലൈസൻസ് നൽകാൻ കൂട്ട് നിന്നത് വഴി അരവിന്ദ് കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും ലഭിച്ച 80 ശതമാനം കമ്മീഷൻ സുഹൃത്തുക്കളുടെ കയ്യിൽ ഏല്പിച്ചിരിക്കുകയാണെന്നും മർവ പറയുന്നു. വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ദൃശ്യം സി ബി ഐക്ക് കൈമാറുമെന്നും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പത്ര അറിയിച്ചു.
















Comments