അബുദാബി : യുഎഇയിലെ പുതിയ വിസ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ. പുതിയ വിസ നിയമം അനുസരിച്ച് ആൺകുട്ടികളെ 25 വയസ്സുവരെയും പെൺമക്കളെയും നിശ്ചയദാർഢ്യമുള്ളവരെയും പ്രായപരിധി പരിഗണിക്കാതെയും സ്പോൺസർ ചെയ്യാം. പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താനും പുതിയ നിയമം സഹായകരമാകും.
നിലവിൽ ആൺകുട്ടികൾക്ക് 18 വയസ്സുവരെ മാത്രമേ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. ഇതുമൂലം 18 കഴിഞ്ഞ ആൺമക്കളെ മറ്റേതെങ്കിലും വിസയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ 4000 ദിർഹം കെട്ടിവച്ച് ഒരു വർഷ കാലാവധിയുള്ള സ്റ്റുഡൻസ് വിസ എടുത്ത് വർഷം തോറും പുതുക്കുകയോ ചെയ്തുവരികയായിരുന്നു. ഇതു രക്ഷിതാക്കൾക്ക് സാമ്പത്തിക, മാനസിക പ്രയാസം സൃഷ്ടിച്ചിരുന്നു.
പുതിയ നിയമം അനുസരിച്ച് വിദേശ മാതൃകയിൽ പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുവരാനാകും.ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്തേക്കു പോകുന്നത് തടയാനും പുതിയ നിയമം സഹായിക്കുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമിതബുദ്ധി, സൈബർ സെക്യൂരിറ്റി, ഗെയിമിങ് ആൻഡ് റോബട്ടിക്സ്, ഡേറ്റ അനാലിസിസ് തുടങ്ങി ഏറ്റവും പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഉപയോഗപ്പെടുത്തി യുഎഇയിൽ തന്നെ ഉന്നതവിദ്യാഭ്യാസം നേടി ജോലിയിൽ കയറാനുള്ള സൗകര്യം നിലവിലുണ്ട്.
Comments