ന്യൂഡൽഹി: ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ ഏഴോളം ധാരണാപത്രങ്ങളിൽ ഇരുവരും ഒപ്പു വെച്ചു. ബംഗ്ളാദേശിന്റെ വളർച്ചയ്‌ക്കും വികസനത്തിനും ഇന്ത്യ എന്നും കൂടെ നിന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച രാജ്യത്തിന് ഏറെ പ്രയോജനം നൽകുമെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.
ഇന്ത്യ – ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുനേതാക്കളും 2015 മുതൽ 12 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി സുരക്ഷ, അതിർത്തി പരിപാലനം, കണക്ടിവിറ്റി , വ്യാപാരം, പങ്കാളിത്തം , ഊർജ്ജം, ജലവിഭവം, നിക്ഷേപം, പ്രാദേശികമായ പദ്ധതികൾ തുടങ്ങി നിരവധി കരാറുകൾ ഒപ്പു വെച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി സൗഹാർദ്ദപരമായ ബന്ധമാണുള്ളതെന്നും ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും ഷെയ്ഖ് ഹസീന സൂചിപ്പിച്ചു. ബംഗ്ളാദേശിന്റെ വിമോചന യുദ്ധത്തിൽ ശക്തമായ നിലപാടെടുത്ത് കൂടെ നിന്ന ഏക രാജ്യം ഇന്ത്യ മാത്രമായിരുന്നു. വരും നാളുകളിൽ ഡൽഹിയും ധാക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ഉറപ്പുള്ളതാക്കി മാറ്റാൻ ഈ കൂടിക്കാഴ്ച സഹായകരമാകുമെന്നും അവർ വ്യക്തമാക്കി.
ഡൽഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയ്‌ക്ക് മുന്നിൽ പുഷ്പചക്രം അർപ്പിച്ചു.ഹസ്തദാനം നൽകിയാണ് നരേന്ദ്ര മോദി ഷെയ്ഖ് ഹസീനയെ സ്വീകരിച്ചത്. ഇരുവരോടൊപ്പം വിദേശകാര്യ മന്ത്രി എം ജയശങ്കർ കൂടി ഉണ്ടായിരുന്നു. തുടർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു രാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ എന്നിവരുമായും ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.
Comments