ദുബായ്: ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യയ്‌ക്ക് നിർണ്ണായക പോരാട്ടം. സൂപ്പർഫോറിൽ ആദ്യമത്സരത്തിൽ പാകിസ്താനോട് തോറ്റ ഇന്ത്യയ്‌ക്ക് ഫൈനൽ സാദ്ധ്യത നിലനിർത്താൻ ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ പോരാട്ടം. ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ശ്രീലങ്ക സൂപ്പർ ഫോർ യോഗ്യത നേടിയത്.
പാകിസ്താനെതിരെ അഞ്ചുവിക്കറ്റിന് തോറ്റ ഇന്ത്യയ്‌ക്ക് ഇന്ന് ശ്രീലങ്കയെ തോൽപ്പിച്ചേ മതിയാകൂ. ഒപ്പം അടുത്ത മത്സരത്തിൽ ശ്രീലങ്ക പാകിസ്താനോടും തോൽക്കണം. റൺറേറ്റിൽ ശ്രീലങ്ക ഇന്ത്യയേക്കാൾ മുന്നിലാണെന്നതാണ് സാങ്കേതികമായി വിലങ്ങുതടിയാവുക. ഇതിനിടെ അഫ്ഗാനിസ്ഥാനും സൂപ്പർ ഫോറിൽ അട്ടിമറികൾ നടത്താൻ പോരാടുകയാണ്.
കഴിഞ്ഞ മത്സരത്തിൽ പാകിസ്താനെതിരെ നിർണ്ണായക ക്യാച്ചും അതുപോലെ അവസാന ഓവറുകളിൽ റൺസ് വിട്ടുകൊടുത്തതുമാണ് ഇന്ത്യയ്‌ക്ക് വിനയായത്. അത് പരിഹരിക്കുന്ന പ്രകടനമാണ് ഇന്ത്യയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. ബൗളർമാരിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുകയാണ്. അക്ഷർ പട്ടേൽ രവി ബിഷ്‌ണോയിക്ക് പകരം ടീമിലെത്തു മെന്നാണ് സൂചന. അതുപോലെ അവസാന ഓവറുകളിൽ ബാറ്റിംഗ് തകർച്ച ഒഴിവാക്കാൻ ഋഷഭ് പന്തിന് പകരം ദിനേശ് കാർത്തിക് കളിക്കാനിറങ്ങുമെന്നും സൂചനയുണ്ട്.
ശ്രീലങ്കൻ നിരയിൽ മികച്ച സ്പിന്നർമാരായ വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരെ ഇറക്കിയേക്കും. അഫ്ഗാനെ പതർച്ചയില്ലാതെ നേരിട്ട ശ്രീലങ്കയുടെ ബാറ്റിംഗ് നിരയിൽ കാര്യമായ മാറ്റത്തിന് സാദ്ധ്യതയില്ല.
















Comments