കോഴിക്കോട്: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി( ഡി ലിറ്റ്) നൽകണമെന്ന് കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിൽ പ്രമേയം.ഇടതുപക്ഷ അനകൂലിയായ സിൻഡിക്കേറ്റംഗം ഇ അബ്ദുറഹിമാനാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാൻസിലറുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, അവതരണത്തിനിടെ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി.
ഡി ലിറ്റ് നൽകാൻ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിൻവലിക്കണമെന്നും ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ വിസിയുടെ അനുവാദത്തോടെ അവതരിച്ച പ്രമേയമാണെന്ന് ഇ അബ്ദുറഹിമാൻ വ്യക്തമാക്കി.
തർക്കം കടുത്തതോടെ ഡി ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ഈ പ്രമേയം നൽകാൻ സിൻഡിക്കേറ്റിൽ തീരുമാനിക്കുകയായിരുന്നു. ഡോ. വിജയരാഘവൻ,ഡോ.വിനോദ് കുമാർ,ഡോ റഷീദ് അഹമ്മദ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റി വിഷയം പരിശോധിക്കും.
സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന വിധത്തിൽ വിദ്യാഭ്യാസരംഗത്ത് പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം അബൂബക്കർ മുസ്ലിയാരും,വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയത്തിൽ പറയുന്നത്. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജൻ കോഴ്സുകൾ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന വിപ്ലവകരമായ പ്രവർത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് സ്ഥാപനങ്ങൾ പടുത്തുയർത്തുകയും, ഇന്നും ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശൻ. ഇരുവരുടെയും പ്രൊഫൈലുകൾ ഡിലിറ്റ് നൽകുന്നതുമായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നാണും പ്രമേയത്തിൽ പറയുന്നു.
Comments