കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം ആരംഭിച്ചത് മുതൽ ഷിയാ മുസ്ലിങ്ങളും മത ന്യുനപക്ഷ വിഭാഗങ്ങളും നിരന്തരം കൊല്ലപ്പെടുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്. താലിബാൻ ഭരണത്തിന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയുടെ (ISKP) ഭീകര പ്രവർത്തനങ്ങളെ ചെറുക്കാൻ കഴിയുന്നില്ലെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇവർ നടത്തിയ 13 സ്ഫോടന പരമ്പരകളിൽ നിന്നുമായി 700 ഓളം ആളുകൾ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ടിൽ പറയുന്നു.
ഷിയാ ഗ്രൂപ്പുകളെ പിന്തുടർന്ന് ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്. ഷിയാ വിഭാഗത്തിന്റെ പള്ളികളിൽ ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെ നടത്തി നിരവധി ആളുകളെ കൊലപ്പെടുത്തുകയാണ് ഐ എസ് കെ പി ഭീകരർ. ഇതിനെതിരെ ചെറുവിരൽ അനക്കാൻ താലിബാന് കഴിയുന്നില്ല.
അധികാരത്തിൽ കയറിയപ്പോൾ വലിയ വാഗ്ദാനങ്ങൾ നൽകിയ താലിബാൻ ജനങ്ങളെ മരണത്തിന് വിട്ടു കൊടുക്കുകയാണ്. ഹസാരെ വിഭാഗത്തിനേയും മറ്റു മത ന്യുനപക്ഷങ്ങളെയും സംരക്ഷിക്കാൻ താലിബാന് കഴിയുന്നില്ല. അഫ്ഗാനിലുടനീളമുള്ള പള്ളികൾ, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, തൊഴിൽ ശാലകൾ തുടങ്ങിയ ഇടങ്ങളിൽ ഐ എസ് കെ പി ഭീകരർ ആക്രമണം നടത്തുകയാണ്. ഏപ്രിൽ 19ന് കാബൂളിലെ അബ്ദുൾ റഹീം ഷാഹിദ് ഹൈസ്കൂളിലുണ്ടായ ചാവേർ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗക്കാരുടെ ഏറ്റവും വലിയ പള്ളികളിലൊന്നായ മസാർ-ഇ ഷെരീഫിലെ സെഹ് ഡോകാൻ പള്ളിയിൽ ഐ എസ് കെ പി ഭീകരർ സ്ഫോടനം നടത്തി 31 പേരെ കൊലപ്പെടുത്തുകയും 87 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പൂർണ്ണമായി നശിച്ച പള്ളി അവസാനം അടച്ചുപൂട്ടേണ്ടി വന്നു. താലിബാന്റെ കീഴിൽ വലിയ ദുരന്തങ്ങളാണ് അഫ്ഗാൻ ജനത നേരിട്ട് കൊണ്ടിരിക്കുന്നത്. യാതൊന്നും ചെയ്യാൻ കഴിയാതെ നോക്കുകുത്തിയാകുന്ന അവസ്ഥയിലാണ് ഭരണകൂടമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ഏഷ്യ അഡ്വക്കസി ഡയറക്ടർ ജോൺ സിഫ്റ്റൺ പറഞ്ഞു
Comments