നടൻ മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാൾ. പ്രായം തോറ്റു പോകുന്ന താരത്തിന് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. നടൻ മോഹൻലാലും, സുരേഷ് ഗോപിയും, ഉണ്ണി മുകുന്ദനുമുൾപ്പെടെയുള്ള പ്രമുഖരും ആശംസകൾ നേർന്നു. തന്റെ പ്രിയതാരത്തിന് ആശംസകൾ നേർന്നുകൊണ്ട് രമേഷ് പിഷാരടി പങ്കുവെച്ച പോസ്റ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ഒരു കുട്ടി ആരാധകൻ മമ്മൂട്ടിയെ ക്യാമറയിൽ പകർത്തിക്കൊണ്ട് സൈക്കിളിൽ പായുന്ന വീഡിയോയാണിത്. മമ്മൂട്ടിയുടെ കാർ വരുന്നത് കണ്ട കുട്ടി മൊബൈൽ ക്യാമറ ഓൺ ആക്കി വെച്ച് വേഗത്തിൽ സൈക്കിൾ ചവിട്ടുന്നുണ്ട്. സൈക്കിൾ ചവിട്ടുന്നതിനോടൊപ്പം ഒരു കൈകൊണ്ട് പിന്നിൽ വരുന്ന കാറിനെയും മൊബൈലിൽ ഷൂട്ട് ചെയ്യുന്നുണ്ട്. ഒരു കൈയ്യിൽ ഫോൺ തിരിച്ച് പിടിച്ച്, ഇടയ്‌ക്കിടെ പിന്നോട്ട് തിരിഞ്ഞ് നോക്കിയാണ് വീഡിയോ എടുത്തത്.
തുടർന്ന് കാർ അടുത്തെത്തിയതോടെ വലിയ ആവേശത്തോടെ കുട്ടി ”ഇക്കാ.. ടാറ്റാ” എന്നും പറയുന്നത് കേൾക്കാം. വിൻഡോ ഗ്ലാസ് താഴ്‌ത്തിയിട്ട മമ്മൂട്ടി ഇത് കേൾക്കുകയും കൈ വീശി കാണിക്കുകയും ചെയ്യുന്നു. ഒരു ചെറുപുഞ്ചിരിയും മമ്മൂട്ടിയുടെ മുഖത്ത് വിരിയുന്നുണ്ട്.
”അകത്തും പുറത്തും സ്‌നേഹത്തോടെ” എന്ന ക്യാപ്ഷനോടെയാണ് പിഷാരടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയ്‌ക്ക് പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Comments