മഴയിലും ഓണച്ചിലവിലും വലഞ്ഞ് പൊതുജനം; പാർട്ടി ഫണ്ടിനായി സിപിഎമ്മിന്റെ പിരിവ്; തൊഴിൽ സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ടെത്തി ഫണ്ട് ശേഖരിക്കാൻ നിർദ്ദേശം

Published by
Janam Web Desk

തിരുവനന്തപുരം; പാർട്ടി ഫണ്ടിനായി വീണ്ടും പിരിവിന് ഇറങ്ങി സിപിഎം. തൊഴിൽ സ്ഥാപനങ്ങളിലും വീടുകളിലും നേരിട്ടെത്തി ഫണ്ട് ശേഖരിക്കാനാണ് നിർദ്ദേശം. ഈ മാസം ഒന്ന് മുതൽ ആരംഭിച്ച പിരിവ് 14 വരെ തുടരും. മഴയായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ പിരിവ് വിചാരിച്ചതുപോലെ നടന്നില്ല. ഓണ ദിവസങ്ങളിൽ മിക്ക കുടുംബങ്ങളിലും ആളുകൾ കാണുമെന്നതിനാൽ ആ ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്താനാണ് തീരുമാനം.

തുടർച്ചയായ മഴയുടെയും ഓണക്കാലത്തിന്റെയും സാമ്പത്തിക ഞെരുക്കത്തിലാണ് പൊതുജനങ്ങൾ. ഇതിനിടയിൽ പാർട്ടി ഫണ്ടിനായി പിരിവ് നടത്തുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർന്നുകഴിഞ്ഞു. തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെയും നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കണമെന്നാണ് സംസ്ഥാന ഘടകം നിർദ്ദേശിച്ചിരിക്കുന്നത്. വരുന്ന ഒരു വർഷക്കാലത്തെ പ്രവർത്തന ഫണ്ടിനായിട്ടാണ് പിരിവെന്നാണ് വിശദീകരണം.

എല്ലാ പാർട്ടി മെമ്പർമാരും അവരുടെ കഴിവനുസരിച്ച് സംഭാവന നൽകണം. പാർട്ടി ഘടകങ്ങൾ വീടുകളിലും, തൊഴിൽ സ്ഥാപനങ്ങളിലും ബഹുജനങ്ങളെയും നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കും സംസ്ഥാന നേതൃത്വം അറിയിച്ചു. ജനക്ഷേമ പ്രവർത്തനങ്ങളിൽ ഇടപെടുന്ന പാർട്ടി എന്ന നിലയിൽ സാധാരണക്കാരായ ബഹുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിച്ച് പ്രവർത്തിക്കുന്ന ശൈലിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും അതിനാലാണ് പിരിവിന് ഇറങ്ങുന്നതെന്നുമാണ് സിപിഎം വിശദീകരണം.

നേരത്തെ കൊറോണക്കാലത്തും പ്രളയകാലത്തും സിപിഎം നടത്തിയ ബക്കറ്റ് പിരിവുകൾ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പല സ്ഥലങ്ങളിൽ നിന്നും ഇവരെ ആട്ടിയോടിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

Share
Leave a Comment