ന്യൂഡൽഹി: മുംബൈ സ്ഫോടനക്കേസ് ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം നവീകരിച്ച പ്രവൃത്തിയെ ന്യായീകരിച്ച് നാഷണൽ കോൺഫറൻസ് നേതാക്കൾ. യാക്കൂബ് മേമൻ മഹനീയമായ ഒരു ആദർശത്തിന് വേണ്ടി രക്തസാക്ഷിയായ മഹാനാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ സഹോദരനുമായ മുസ്തഫ കമാൽ പറഞ്ഞു.
ജമ്മു കശ്മീരിൽ തീവ്രവാദികൾ സജീവമായിരുന്ന കാലത്ത് നിരവധി ആളുകൾ അവരെ വീരന്മാരായി കണ്ടിരുന്നു. അവർ അക്രമത്തിന്റെ പാത സ്വീകരിച്ചിരുന്നുവെങ്കിലും ആളുകൾ അവരെ ആരാധിച്ചിരുന്നു. അതേ കാര്യമാണ് മുംബൈയിലും സംഭവിച്ചിരിക്കുന്നത്. ഇതിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? മുസ്തഫ കമാൽ ചോദിച്ചു.
ഉദ്ദേശ്യം ശരിയോ തെറ്റോ ആയിരിക്കാം. എന്നാൽ ഒരു ആദർശത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുക എന്ന് പറഞ്ഞാൽ നിസ്സാര കാര്യമല്ല. ധീരന്മാർക്കേ അതിന് സാധിക്കൂ. ഒരാൾ അന്യായമായി കൊല്ലപ്പെട്ടു എന്ന് തോന്നിയാൽ ജനങ്ങളുടെ മനസ്സിൽ സ്വാഭാവികമായി അവരോട് ആരാധന തോന്നിയേക്കാം. വളരെ അമൂല്യമായ ഒന്നാണ് ജീവൻ. ഉദ്ദേശ്യം ശരിയായാലും തെറ്റായാലും, ആദർശത്തിന് വേണ്ടി രക്തസാക്ഷിയാകുന്നവരെ ഞാൻ ബഹുമാനിക്കും. മുസ്തഫ കമാൽ പറഞ്ഞു.
2015ൽ തൂക്കിലേറ്റിയ ഭീകരൻ യാക്കൂബ് മേമന്റെ ശവകുടീരം മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു നവീകരിച്ചത്. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള ശവകുടീരം മാർബിളും എൽഇഡി ലൈറ്റുകളും ഉപയോഗിച്ച് ആകർഷകമാക്കിയിരുന്നു.
ശവകുടീരം നവീകരിച്ചതിനും അതിനെ ന്യായീകരിച്ച് രാഷ്‌ട്രീയ നേതാക്കൾ രംഗത്ത് വന്നതിനുമെതിരെ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബിജെപി നേതാവ് രാം കദമാണ് ശവകുടീരം നവീകരിച്ചതിന്റെ തെളിവുകൾ പുറത്തു വിട്ടത്.
Comments