ചെന്നൈ: ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പിന്റെ റോക്കറ്റ് എഞ്ചിൻ രൂപകൽപ്പനയ്ക്ക് പേറ്റന്റ് . തദ്ദേശീയമായി 3ഡി സാങ്കേതികവിദ്യയിൽ പ്രിന്റ് ചെയ്ത് അഗ്നികുൽ കോസ്മോസ് എന്ന കമ്പനി നിർമ്മിച്ച റോക്കറ്റ് എഞ്ചിന്റെ മാതൃകയ്ക്കാണ് പേറ്റന്റ് ലഭിച്ചത്. ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് ഏറെ ഗുണംചെയ്യുന്ന പരീക്ഷണ ത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അഗ്നികുൽ കോസ്മോസ് ഉടമ ശ്രീനാഥ് രവീന്ദ്രൻ.
വളരെ ചിലവുകുറവും വലിയ നിർമ്മാണ കേന്ദ്രങ്ങൾ ആവശ്യമില്ലാത്തതുമാണ് 3ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിലൂടെയുണ്ടാകുന്ന നേട്ടം. റോക്കറ്റ് ഫാക്ടറി -1 എന്ന പേരിൽ നിർമ്മാണ ശാലയും കമ്പനി അടുത്തിടെ സ്ഥാപിച്ചിരിക്കുകയാണ്. മദ്രാസ് ഐഐടി പാർക്കിനകത്താണ് സ്ഥാപനം. അഗ്നിലെറ്റ് എന്ന പേരിട്ടിരിക്കുന്ന റോക്കറ്റ് എഞ്ചിൻ ലോകത്തിലെ തന്നെ ആദ്യത്തെ 3-ഡി പ്രിന്റഡ് സിംഗിൾ പീസ് രൂപകൽപ്പനയാണ്.
2021ൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച എഞ്ചിൻ ഘടിപ്പിച്ച റോക്കറ്റ് വിജയകരമായി ഐഎസ്ആർഒ വിക്ഷേപിക്കുകയും ചെയ്തിരുന്നു. 2017ലാണ് കമ്പനി ആദ്യമായി ബഹിരാകാശ രംഗത്ത് വരുന്നത്. ആയിരത്തിലേറെ ഭാഗങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്തശേഷം സംയോജിപ്പിക്കുന്നതാണ് പൊതുവേയുള്ള നിർമ്മാണ രീതി. എന്നാൽ ഇവിടെ 3ഡി പ്രിന്റായി അഗ്നികുൽ കോസ്മോസ് റോക്കറ്റ് എഞ്ചിൻ ഒറ്റ ഭാഗമായിട്ടാണ് നിർമ്മിച്ചത്. എല്ലാ ഭാഗങ്ങളും ഒരുമിച്ച് രൂപകൽപ്പന ചെയ്ത് ഒറ്റ രൂപമാക്കാൻ സാധിച്ചതാണ് നേട്ടമായത്. രൂപകൽപ്പനയുടെ എല്ലാ ഘട്ടത്തിലും സഹായം നൽകിയ ബഹിരാകാശ മേഖലയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, ഐഎസ്ആർഒ ശാസ്ത്രജ്ഞർ എന്നിവർക്കും ശ്രീനാഥ് നന്ദി അറിയിച്ചു.
Comments