ദുബായ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് സൂപ്പർ താരം വിരാട് കോഹ്ലി. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇരുപത് ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. ഓപ്പണർ ആയിറങ്ങിയ കോഹ്ലി, 61 പന്തിൽ 122 റൺസുമായി പുറത്താകാതെ നിന്നു. 12 ഫോറും 6 സിക്സറുകളും അടങ്ങുന്നതായിരുന്നു കിംഗ് കോഹ്ലിയുടെ രാജകീയ ഇന്നിംഗ്സ്.
ഏഷ്യാ കപ്പിലെ അപ്രധാനമായ ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത് ശർമ്മയ്‌ക്ക് വിശ്രമം അനുവദിച്ചതോടെ താത്കാലിക ക്യാപ്ടൻ രാഹുലിനൊപ്പം ഓപ്പാണർ ആയിറങ്ങിയ കോഹ്ലി അക്ഷരാർത്ഥത്തിൽ പഴയ മികവിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് കണ്ടത്. ഏഷ്യാ കപ്പിൽ നിന്നും ഇന്ത്യ പുറത്തായെങ്കിലും, വരാനിരിക്കുന്ന ട്വൻ്റി 20 ലോകകപ്പിൽ തന്നെ കാത്തിരിക്കുന്ന ആരാധകർക്കും എതിർ ടീമുകൾക്കും ശക്തമായ സന്ദേശം നൽകുന്നതായി കോഹ്ലിയുടെ ഇന്നത്തെ ഇന്നിംഗ്സ്.
ഫോമിലേക്ക് മടങ്ങിയെത്തിയ രാഹുൽ 41 പന്തിൽ 62 റൺസുമായി പുറത്തായി. പാകിസ്താനെ വിറപ്പിച്ച അഫ്ഗാൻ ബൗളർമാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ന് ഇന്ത്യ കാഴ്ചവെച്ചത്.
















Comments