വാഷിംഗ്ടൺ: പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ. ദ്വിതല മന്ത്രാലയ ചർച്ചയിലാണ് പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാൻ തീരുമാനമായത്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങളാണ് എല്ലാവർഷവും നടക്കാറുള്ള ദ്വിതല ചർച്ചകൾക്ക് വാഷിംഗ്ടണിൽ നേതൃത്വം നൽകിയത്. ആറാം തവണയാണ് ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചർച്ചകൾ നടക്കുന്നത്.
ഇന്ത്യയുമായി വർഷങ്ങളായുള്ള പ്രതിരോധ വിദേശകാര്യ പങ്കാളിത്തം ഏറെ ശക്തമാണ്. ചർച്ചകളിൽ ഇതുവരെ രണ്ടു മന്ത്രാലയങ്ങളും ഒപ്പിട്ട കരാറുകളുടെ പൂർത്തീകരണം വിലയിരുത്തി. പ്രതിരോധ രംഗത്തെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നത് തുടരാനും സംയുക്ത സൈനിക പരിശീലനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. മൂന്ന് സൈനിക വിഭാഗങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്താവുന്ന മേഖലകളെക്കുറിച്ചും ചർച്ചകൾ നടന്നതായും ജോൺ സപ്പിൾ പറഞ്ഞു.
എമർജിംഗ് ഡിഫൻസ് കേപ്പബിലിറ്റീസ് ഡയലോഗ് എന്ന പേരിൽ വരാനിരിക്കുന്ന കാലഘട്ടത്തിലെ പ്രതിരോധ തന്ത്രങ്ങൾ വിശദമാക്കുന്ന സമ്മേളനം നടത്താൻ തീരുമാനിച്ചതായും പെന്റഗൺ അറിയിച്ചു. ബഹിരാകാശം, സൈബർ സുരക്ഷ, നിർമ്മിത ബുദ്ധിയുടെ മേഖല, മറ്റ് പ്രതിരോധ ഗവേഷണ രംഗങ്ങൾ എന്നിവയിലെ നൂതനമായ എല്ലാ സാദ്ധ്യതകളും ഇരുരാജ്യങ്ങളും ചർച്ചചെയ്യും.
വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രസാങ്കേതികം, സമുദ്രസുരക്ഷ, കാലാവസ്ഥ, പൊതുജനാരോഗ്യം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ നിലവിലുള്ള സഹകരണം വർദ്ധിപ്പിക്കാനും ധാരണയായി.
Comments