ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവാദബന്ധവുമായി ബന്ധപ്പെട്ട ദേശീയ അന്വേഷണ ഏജൻസി ബിഹാറിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ ആക്രമണം നടത്താൻ ശ്രമിച്ച കേസിന്റെ ചുവടുപിടിച്ച് ബിഹാറിലെ 30 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
ആയോധനകല പരിശീലനത്തിന്റെ മറവിൽ ആയുധ പരിശീലന ക്യാമ്പുകൾ നടത്തുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ബിഹാറിലെ ഛപ്ര, അരാരിയ, ഔറംഗബാദ്, കിഷൻഗഞ്ച്, നളന്ദ, ജെഹാനാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
വിരമിച്ച ജാർഖണ്ഡ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീനെയും അതർ പർവേസ് എന്നയാളെയും ഇക്കഴിഞ്ഞ ജൂലൈയിൽ പട്നയിലെ ഫുൽവാരി ഷെരീഫ് ഏരിയയിൽ നിന്നും ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.മുഹമ്മദ് ജലാലുദ്ദീനും അതർ പർവേസിനും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജല്ലാവുദ്ദീന് നേരത്തെ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുണ്ടായിരുന്നു.
ഇവർ വാളുകളും കത്തികളുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വർഗീയ കലാപത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരും പട്നയിൽ ഇവരെ കാണാനെത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഐഡന്റിറ്റി മറച്ചാണ് ബിഹാറിലെ വിവിധ ഹോട്ടലുകളിൽ താമസിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
ഭീകരർ ആയുധപരിശീലനം നൽകിയവർ ഒത്തുചേർന്ന് സംസ്ഥാനത്ത് ഭീകരപ്രവർത്തനങ്ങൾ നടത്തുവാൻ ആരംഭിച്ചതായി സൂചന ലഭിച്ചിരുന്നു. റെയ്ഡിൽ ചില ലഘുലേഖകൾ കണ്ടെത്തിയതായും വിവരങ്ങൾ എത്രയും പെട്ടെന്ന് പുറത്ത് വിടുമെന്നും എൻഐഎ വ്യക്തമാക്കി.
















Comments