ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരൾ ദാനം ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി പ്രായപൂർത്തിയാകാത്ത ആൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചു. നിലവിലെ നിയമ പ്രകാരം പ്രായപൂർത്തിയായവരിൽ നിന്നും മരണപ്പെട്ട പ്രായപൂർത്തിയാകാത്തവരിൽ നിന്നും മാത്രമേ രാജ്യത്ത് അവയവങ്ങൾ സ്വീകരിക്കാൻ അനുമതിയുള്ളൂ. ഈ സാഹചര്യത്തിലാണ് കുട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.
അപേക്ഷയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത സുപ്രീം കോടതി, വിഷയത്തിൽ ഉത്തർ പ്രദേശ് സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി അവസാന തീർപ്പിനായി സെപ്റ്റംബർ 12ന് വീണ്ടും പരിഗണിക്കും.
കുട്ടിയുടെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ അവയവം മാറ്റിവെക്കൽ മാത്രമാണ് ഒരേയൊരു പോംവഴിയെന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. വിഷയത്തിൽ തീർപ്പുണ്ടാകുന്നതിനോടകം അവയവ ദാനത്തിന് ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കൻ കോടതി ഹർജിക്കാരന് നിർദ്ദേശം നൽകി.
Comments