അഗർത്തല: ത്രിപുരയിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി കൂടിയായ ബിപ്ലവ് കുമാർ ദേബ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ അഗർത്തല അനുഗ്രഹ ഥാക്കൂർ ആശ്രമത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് അദ്ദേഹം പത്രിക സമർപ്പിക്കാൻ എത്തിയത്.
മുഖ്യമന്ത്രി ഡോ. മാണിക് സാഹ ഉൾപ്പെടെയുളള ബിജെപി നേതാക്കൾക്ക് ഒപ്പമായിരുന്നു അദ്ദേഹം പത്രിക സമർപ്പണത്തിന് എത്തിയത്. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ, കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പ് സഹമന്ത്രിയും വെസ്റ്റ് ത്രിപുര ലോക്‌സഭാംഗവുമായ പ്രതിമ ഭൗമിക് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
എന്നും ത്രിപുരയുടെ വികസനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ എന്നും പിന്തുണയ്‌ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഡോ. മാണിക് സാഹ മുഖ്യമന്ത്രിയായതോടെയാണ് രാജ്യസഭാ സീറ്റിൽ ഒഴിവ് വന്നത്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ അഗർത്തലയിൽ എത്തിയ ബിപ്ലബ് കുമാർ ദേബിന് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകരും ജനങ്ങളും നൽകിയത്.
















Comments