ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. കലാപം നടക്കുന്ന സമയത്ത് കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥന് നിലവിൽ 79 വയസ്സായെന്നും പ്രായം പരിഗണിച്ച് നടപടികളിൽ ഇളവ് നൽകണമെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ, കലാപത്തിന്റെ കെടുതികൾ ഇന്നും രാജ്യം അനുഭവിക്കുകയാണെന്നും, 79 അല്ല, 100 വയസ്സ് കഴിഞ്ഞാലും കുറ്റവാളികൾ ശിക്ഷ അനുഭവിക്കണമെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിഖ് വിരുദ്ധ കലാപത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. അവരുടെ ഉറ്റവർ ഇന്നും കെടുതികൾ അനുഭവിക്കുകയാണ്. രാജ്യം ഇന്നും കെടുതികൾ അനുഭവിക്കുകയാണ്. ജസ്റ്റിസ് ശർമ്മ ചൂണ്ടിക്കാട്ടി.
കലാപം നടക്കുന്ന സമയത്ത് കിംഗ്സ്വേ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്നു ദുർഗാ പ്രസാദ്. ആ സമയത്ത് കിംഗ്സ്വേ പോലീസ് സ്റ്റേഷൻ പരിധിയിലെ 15 സിഖ് വംശജർ കലാപത്തിൽ കൊല്ലപ്പെട്ടു. നിരവധി ഗുരുദ്വാരകളും വീടുകളും ഫാക്ടറികളും അഗ്നിക്കിരയായി. ഇതിൽ പോലീസിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ വീഴ്ച ഉണ്ടായതായി പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. സംശയകരമായ പശ്ചാത്തലം ഉണ്ടായിരുന്നവരെ കരുതൽ തടങ്കലിൽ എടുക്കുന്നതിൽ പോലീസിന് വീഴ്ച പറ്റി. കലാപ ബാധിത മേഖലകളിൽ ആവശ്യത്തിന് പോലീസിനെ വിന്യസിക്കാതെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ ദുർഗാ പ്രസാദ്, അക്രമങ്ങൾക്ക് മൗനാനുവാദം നൽകിയതായും കണ്ടെത്തിയിരുന്നു.
1984ൽ ഇന്ദിരാ ഗാന്ധി വധത്തെ തുടർന്ന് രാജ്യത്താകമാനമുള്ള സിഖ് വംശജർക്കെതിരെ സമാനതകളില്ലാത്ത അക്രമങ്ങളാണ് അരങ്ങേറിയത്. നിരവധി പേർ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗങ്ങൾക്ക് ഇരയാക്കപ്പെടുകയും ആരാധനാലയങ്ങളും വീടുകളും ഫാക്ടറികളും തകർക്കപ്പെടുകയും ചെയ്തു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധി കലാപത്തെ ന്യായീകരിച്ച് നടത്തിയ പ്രസംഗം. അക്രമങ്ങൾക്ക് നേതൃത്വം നൽകിയ നിരവധി കോൺഗ്രസ് നേതാക്കൾ പിന്നീട് ശിക്ഷിക്കപ്പെട്ടു.
















Comments