ലക്നൗ:യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ ജയിൽമോചനം വൈകും. എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം കിട്ടിയാലേ കാപ്പന് ജയിൽ മോചനം സാദ്ധ്യമാകൂ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നും ധനസമാഹരണം നടത്തിയെന്നും ഈ പണം കൈമാറ്റം ചെയ്തെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർഫ്രണ്ട് നേതാവും മലയാളി മാദ്ധ്യമപ്രവർത്തകനുമായ കാപ്പനെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്.
നിലവിൽ ലക്നൗവിലെ ജയിലിലാണ് കാപ്പനുള്ളത്. മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കാപ്പന് ജാമ്യം നേടാൻ കഴിഞ്ഞിട്ടില്ലെന്ന് ജയിൽ സീനിയർ സൂപ്രണ്ട് ആശിഷ് തിവാരി പറഞ്ഞു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കാപ്പന് ജാമ്യം ലഭിക്കണം. എങ്കിലേ ജയിൽ മോചിതനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ഫെബ്രുവരി ആറിനായിരുന്നു കള്ളപ്പണം വെളുപ്പിക്കൽ പ്രകാരം കാപ്പനെതിരെ ഇഡി കേസ് എടുത്തത്. സഹായികളായ മുഹമ്മദ് അലം, മസൂദ് അഹമ്മദ്, അതീഖ്റഹ്മാൻ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹത്രാസിലേക്ക് വരുന്നതിന് മുന്നോടിയായി കാപ്പൻ അതീഖ് റഹ്മാന്റെയും, മുഹമ്മദ് അലമിന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതുകകൾ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. ഈ കേസിൽ സിദ്ദിഖ് കാപ്പൻ നൽകിയ ജാമ്യാപേക്ഷ കോടതി ഈ മാസം 19 ന് പരിഗണിക്കും.
2020 ഒക്ടോബറിലാണ് ഹത്രാസിലേക്കുള്ള വഴി മദ്ധ്യേ സിദ്ദിഖ് കാപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ, ഐപിസി, ഐടി ആക്ടിലെ വിവിധ വകുപ്പുകൾ എന്നിവ ചേർത്തായിരുന്നു കാപ്പനെതിരെ കേസ് എടുത്തിരുന്നത്. ഈ കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പന് ജാമ്യം ലഭിച്ചത്.
Comments