ജയ്പൂർ: കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്രയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജ്യവർധൻ സിംഗ് റാത്തോഡ്. യാത്രയ്‌ക്കിടെ ഇന്ത്യാ വിരുദ്ധരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നു. അതിനാൽ ഇത് ഭാരത് ജോഡോ യാത്ര അല്ല, ഭാരത് തോഡോ യാത്രയാണെന്ന് റാത്തോഡ് വിമർശിച്ചു. ഇന്ത്യ വിഭജിക്കുന്നതിൽ ഗാന്ധി കുടുംബം പണ്ടേ പേരു കേട്ടതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗാന്ധി കുടുംബം ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രസിദ്ധമാണ്. കശ്മീരിൽ മോശമായ സാഹചര്യം സൃഷ്ടിച്ച ജവഹർലാൽ നെഹ്‌റുവും രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ഇന്ദിരാഗാന്ധിയും സിഖ് കലാപത്തിന് നേതൃത്വം നൽകിയ രാജീവ് ഗാന്ധിയുമടക്കമുള്ളവർ ഇന്ത്യയെ വിഭജിക്കുന്നതിൽ നേതൃത്വം നൽകിയവരാണ്. അവർ വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണ് നടപ്പാക്കുന്നത്. അവരുടെ പ്രീണന ചിന്ത രാജ്യത്തെ തകർക്കുന്നു എന്ന് രാജ്യവർധൻ സിംഗ് റാത്തോഡ് ചൂണ്ടിക്കാട്ടി. ഭാരത് ജോഡോ യാത്രയെ വിമർശിച്ച ബിജെപിയ്‌ക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തു വന്നിരുന്നു. ഗെഹ്‌ലോട്ടിനുള്ള മറുപടി കൂടിയാണ് രാജ്യവർധൻ സിംഗ് റാത്തോഡ് നൽകിയിരിക്കുന്നത്.
രാജസ്ഥാൻ കോൺഗ്രസിന് ഒരു കുടുംബത്തെ എല്ലായ്‌പ്പോഴും പിന്തുണയ്‌ക്കുക എന്നതല്ലാതെ മറ്റൊരു ഉത്തരവാദിത്തവുമില്ല. രാജസ്ഥാൻ ഇന്ന് കലാപഭൂമിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ബലാത്സംഗ കേസുകളും കൊലപാതകങ്ങളും ഓരോ ദിവസവും വർദ്ധിക്കുകയാണ്. എന്നാൽ സംസ്ഥാനത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ കോൺഗ്രസിന് ചെറിയ സംഭവങ്ങളാണെന്നും ഗാന്ധി കുടുംബത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നതാണ് അവർക്ക് വലിയ സംഭവങ്ങളെന്നും അശോക് ഗെഹ്‌ലോട്ടിനെ പരിഹസിച്ച് രാജ്യവർധൻ സിംഗ് റാത്തോഡ് പറഞ്ഞു.
Comments