വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ ഇറക്കുമതി ജൂലൈയിൽ മൊത്തം പെട്രോളിയം ക്രൂഡ് ഇറക്കുമതിയുടെ 18 ശതമാനമായി ഉയർന്നു. ജൂലൈയിൽ ഇന്ത്യ 2.88 ബില്യൺ ഡോളറിന്റെ റഷ്യൻ പെട്രോളിയം ക്രൂഡ് ഇറക്കുമതി ചെയ്തു. ജൂണിലെ 2.89 ബില്യൺ ഡോളറിൽ നിന്ന് 0.4 ശതമാനം കുറഞ്ഞു. മുൻ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ഇന്ത്യയുടെ പെട്രോളിയം ക്രൂഡ് ഇറക്കുമതിയിൽ ഒരു ബില്യൺ ഡോളറിലധികം ഇടിവുണ്ടായി. എന്നാലും റഷ്യൻ എണ്ണയുടെ ഇറക്കുമതി 17.9 ശതമാനമായി. ജൂണിലെ 16.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലായിൽ റഷ്യൻ എണ്ണയുടെ ഇറക്കുമതി ഒരു ശതമാനത്തിലധികം വർധിച്ചു.
ഓഗസ്റ്റിലെ രാജ്യാടിസ്ഥാനത്തിലുള്ള ഇറക്കുമതി ഡാറ്റ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സെപ്തംബർ 14ന് പുറത്തിറക്കിയ ഓഗസ്റ്റിലെ വ്യാപാരത്തിനായുള്ള താൽക്കാലിക ഡാറ്റ അനുസരിച്ച് പെട്രോളിയം, ക്രൂഡ്, ഉൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി ജൂലൈയിലെ 16.11 ബില്യൺ ഡോളറിൽ നിന്ന് കഴിഞ്ഞ മാസം 17.7 ബില്യൺ ഡോളറായി വർദ്ധിച്ചു. കഴിഞ്ഞ മാസങ്ങളിൽ റഷ്യൻ എണ്ണ ഇറക്കുമതിയിലെ വർദ്ധനവ് ശ്രദ്ധേയമാണ്. ഫെബ്രുവരി അവസാനം യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പ്രഖ്യാപിച്ച ഉപരോധങ്ങൾക്കിടയിലും റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതി വർധിപ്പിക്കാനുള്ള തീരുമാനമെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ ആഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ പ്രശംസിച്ചിരുന്നു.
ഏപ്രിൽ-ജൂലൈ മാസങ്ങളിൽ റഷ്യയിൽ നിന്നുള്ള പെട്രോളിയം ക്രൂഡിന്റെ ഇന്ത്യയുടെ ഇറക്കുമതി 8.95 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022 സാമ്പത്തിക വർഷത്തിലെ മൊത്തം കണക്ക് 9.87 ബില്യൺ ഡോളറായിരുന്നു. ഏപ്രിലിൽ ഇന്ത്യയുടെ മൊത്തം പെട്രോളിയം ഇറക്കുമതിയുടെ 8.4 ശതമാനമായിരുന്നു റഷ്യൻ എണ്ണ. ഇത് മേയിൽ 12.8 ശതമാനമായും ജൂണിൽ 16.8 ശതമാനമായും ജൂലൈയിൽ 17.9 ശതമാനമായും ഉയർന്നു.
റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതിയുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് കാണിക്കുന്നത് ജൂണിൽ സൗദി അറേബ്യയെ പിന്തള്ളി രണ്ടാമത്തെ രാജ്യമായി മാറിയെന്നാണ്. പെട്രോളിയം ക്രൂഡിന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഉറവിടമായി റഷ്യ. വരും മാസങ്ങളിൽ ഒന്നാം സ്ഥാനത്തുളള ഇറാഖിനെ മറികടക്കാനും സാധ്യതയുണ്ട്.
ജൂലൈയിൽ ഇന്ത്യ ഇറാഖിൽ നിന്ന് 3.2 ബില്യൺ ഡോളറിന്റെ പെട്രോളിയം ക്രൂഡ് ഇറക്കുമതി ചെയ്തു. റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതിനേക്കാൾ വെറും 321.7 ദശലക്ഷം ഡോളർ കൂടുതലാണിത്. ഇറാഖിൽ നിന്ന് ഇറക്കുമതി ചെയ്ത എണ്ണയുടെ അളവ് റഷ്യയിൽ നിന്നുളളവയേക്കാൾ വെറും 0.28 ദശലക്ഷം ടണിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
















Comments