ഡൽഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കസേരയ്‌ക്കായി പ്രതിപക്ഷ നേതാക്കൾ തമ്മിൽ മത്സരമാണ്. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ എല്ലാം ഒന്നിക്കണമെന്ന് പറയുമ്പോൾ പോലും ഒരോ പാർട്ടിയുടെയും നേതാക്കൾ സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഒളിഞ്ഞും തെളിഞ്ഞും രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെ, സംയുക്ത പ്രതിപക്ഷത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചിരിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആര് ആകും എന്നതല്ല; ബിജെപിയെ ഭരണത്തിൽ നിന്നും താഴെ ഇറക്കി രാജ്യത്തെ രക്ഷിക്കണോ, വേണ്ടയോ എന്നതാണ് പ്രധാന ചോദ്യമെന്ന് യെച്ചൂരി പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണം. അതിന് മതേതര ജനാധിപത്യ ശക്തികളുടെ പരമാവധി ഐക്യം ഉറപ്പാക്കുകയാണ് തന്റെയും തന്റെ പാർട്ടിയുടെയും ശ്രമമെന്ന് സീതാറാം യെച്ചൂരി പറയുന്നു. പൊതുതിരഞ്ഞെടുപ്പ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പല്ല. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തും പ്രതിപക്ഷ ഐക്യം സംഭവിച്ചിരുന്നു. വാജ്പേയി ഭരണത്തിനെതിരെ പ്രതിപക്ഷപാർട്ടികൾ അണിനിരന്ന് 10 വർഷം നീണ്ടുനിന്ന ബിജെപി ഇതര സർക്കാർ രൂപീകരിച്ചു. അതിനാൽ പ്രധാനമന്ത്രി ആര് ആകും എന്ന ചോദ്യം അപ്രസക്തമാണ്. രാജ്യത്തെ രക്ഷിക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും അതിന് ഉത്തരം രക്ഷിക്കണം എന്നാണെന്നും യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനതലത്തിൽ പ്രതിപക്ഷ ഐക്യം സൃഷ്ടിക്കുമെന്ന് യെച്ചൂരി അവകാശപ്പെടുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മതേതരത്വവും ജനാധിപത്യവും രാജ്യത്തിന്റെ ഭരണഘടനയും അപകടത്തിലാണെന്നും ഭരണഘടനാ സ്ഥാപനങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറിയുടെ വാദം. തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അവിടെ അധികാരത്തിൽ വരുന്നത് ബിജെപിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments