‘കെ എസ് ആർ ടി സിയെ നാശത്തിലേക്ക് നയിച്ചത് ഇടത് ദുർബുദ്ധി‘: ഓണം കഴിഞ്ഞിട്ടും ബോണസ് നൽകാത്തതിൽ പ്രതിഷേധവുമായി ബി എം എസ്- BMS against Kerala Government

Published by
Janam Web Desk

കൊച്ചി: സംസ്ഥാനത്തെ എല്ലാ സർക്കാർ -പൊതുമേഖല ജീവനക്കാർക്കും ബോണസും മറ്റ് ഓണാനുകൂല്യങ്ങളും വിതരണം ചെയ്തിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് ഈ വർഷത്തെ ബോണസ്, പ്രത്യേക ഉത്സവബത്ത എന്നിവയും അഡ്വാൻസും അനുവദിക്കാത്തതിൽ പ്രതിഷേധവുമായി എംപ്ലോയീസ് സംഘ്. പ്രതിഷേധത്തിന്റെ ഭാഗമായി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കെ എസ് ആർ ടി സി ചീഫ് ഓഫീസുകൾക്ക് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണകൾ സംഘടിപ്പിച്ചു.

എറണാകുളം ജില്ലാ കേന്ദ്രമായ ആലുവ ഡിപ്പോയിൽ നടന്ന പ്രതിഷേധ ധർണ്ണ ബി എം എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. കെ എസ് ആർ ടി സിയെ ഒരു പരീക്ഷണ ശാലയായി കാണുന്ന ഇടതു ദുർബുദ്ധിയാണ് ഈ സ്ഥാപനത്തിന്റെ നാശത്തിന് കാരണം. മുൻ ധനകാര്യ മന്ത്രിയുടെ സതീർത്ഥ്യൻ ഖന്ന പടച്ചുവിട്ട പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിഷ്ക്കാരങ്ങളെല്ലാം പരാജയപ്പെട്ടെന്ന് ഇപ്പോൾ സർക്കാർ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളി പീഡനങ്ങൾക്ക് മാത്രമായി രചിച്ച ഖന്നയുടെ അബദ്ധ പഞ്ചാംഗം തള്ളിക്കളഞ്ഞ്, കർണ്ണാടകത്തിന്റെ പൊതുഗതാഗതം പഠിക്കാൻ ആളെ അയക്കാൻ ധനമന്ത്രി ബാലഗോപാൽ തീരുമാനിച്ചിരിക്കുന്നു. പാതി വഴിയിലായ പരിഷ്കാരങ്ങളുടെ ഭാവിയെന്തെന്ന് നാം ചിന്തിക്കണം. ചരിത്രത്തിലാദ്യമായി കെഎസ്ആർടിസി ജീവനക്കാർക്ക് മാത്രം ഓണാനുകൂല്യങ്ങൾ നിഷേധിക്കുന്നത് ഇടതുഭരണത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടിന് തെളിവാണെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ധനീഷ് നീറിക്കോട് പറഞ്ഞു.

കേരള സർക്കാർ തൊഴിലാളികളോട് കാണിക്കുന്നത് വർഗ്ഗവഞ്ചനയാണ്. പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ മാത്രം ഓണാനുകൂല്യങ്ങൾ തടയുന്നത് തുല്യനീതിയുടെ നിഷേധമാണ്. ഭാവിയിൽ മറ്റു സർക്കാർ- പൊതുമേഖലാ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന്റെ ട്രയൽ റൺ മാത്രമാണ് കെ എസ് ആർ ടി സിയിൽ ഇപ്പോൾ പരീക്ഷിക്കുന്നത്. സംസ്ഥാനം കടക്കെണിയിലാവുമ്പോഴും മന്ത്രിമാരുടെ ധൂർത്ത് തുടരുകയാണ്. നമ്പർ വൺ കേരളമെന്ന് പൊങ്ങച്ചം വിളമ്പുമ്പോഴും പഠനയാത്രകൾക്ക് പഞ്ഞമില്ല. മുൻ യാത്രകളുടെ ഗുണഫലം പൂജ്യമാണെങ്കിലും കുടുംബസമേതമുള്ള വിദേശയാത്രകൾ ഖജനാവു കാലിയാക്കാൻ മാത്രമായി മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

പൊതുഗതാഗതത്തിന് ബസ്സ് വാങ്ങി നൽകാത്ത സർക്കാരിന്, മന്ത്രിമാർക്കും സിൽബന്തികൾക്കും അടിക്കടി ആഡംബര കാറുകൾ മാറ്റി വാങ്ങുന്നതിന് ഒരു മടിയുമില്ല. ജീവനക്കാർ മുണ്ടു മുറുക്കിയുടുക്കുമ്പോൾ കോടികൾ മുടിക്കുന്ന ധൂർത്ത് ഒരു തൊഴിലാളി സർക്കാരിന് ഭൂഷണമല്ല. ബോണസ് നീക്കിവയ്‌ക്കപ്പെട്ട വേതനമാണ്. അത് കൃത്യമായി ജീവനക്കാർക്ക് ലഭ്യമാക്കണമെന്നും ധനീഷ് നീറിക്കോട് ആവശ്യപ്പെട്ടു.

എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ കെ എസ് ആർ ടി സി ചീഫ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയിൽ ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഇ.ജി.ജയപ്രകാശ്, ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ.അനിൽകുമാർ, മേഖലാ പ്രസിഡന്റ്‌ സന്തോഷ്‌ പൈ, യൂണിയന്റെ ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ കെ.എസ്.സബിൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.ജി.അജികുമാർ, ജില്ലാ ട്രഷറർ എൻ.ആർ.അനൂപ് എന്നിവർ സംസാരിച്ചു. എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ്‌ എം.പി.പ്രദീപ്‌ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ജി.മുരളികൃഷ്ണൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ പി.വി.സതീഷ് നന്ദിയും പറഞ്ഞു.

Share
Leave a Comment