ബേൺ: ഇതിഹാസ താരം റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ നടക്കുന്ന ലേവർ കപ്പോടെ ടെന്നീസിൽ നിന്നും പൂർണ്ണമായും വിരമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമകാലിക കായിക ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കായിക താരങ്ങളിൽ ഒരാളായ റോജർ ഫെഡറർ, പ്രൊഫഷണൽ ടെന്നീസിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പുരുഷ താരമാണ്.
20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ എന്ന സ്വപ്ന നേട്ടത്തിനുടമയാണ് സ്വിസ് താരമായ ഫെഡറർ. 8 വിമ്പിൾഡൺ കിരീടങ്ങൾ നേടിയിട്ടുണ്ട്. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഫെഡറർ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
24 വർഷങ്ങൾ നീണ്ട കരിയറിൽ ആയിരത്തി അഞ്ഞൂറിലധികം മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഫെഡറർ 103 എടിപി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2021 വിമ്പിൾഡൺ ക്വാർട്ടർ ഫൈനലിന് ശേഷം തിരിച്ചു വരവിന് ശ്രമിച്ചിരുന്ന ഫെഡററെ പരിക്ക് അലട്ടിയിരുന്നു.
നാൽപ്പത്തിയൊന്നാം വയസ്സിലാണ്, ഒരു തലമുറയുടെ കായിക സ്വപ്നങ്ങളെ ഐതിഹാസികമായി സ്വാധീനിച്ച ഫെഡറർ എന്ന ടെന്നീസ് മാന്ത്രികൻ കളിക്കളങ്ങളോട് വിട പറയുന്നത്. 2018ലെ ഓസ്ട്രേലിയൻ ഓപ്പൺ നിലനിർത്തിയതായിരുന്നു ഫെഡററുടെ കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം നേട്ടം. 2019 വിമ്പിൾഡൺ ഫൈനലിൽ എത്തിയെങ്കിലും സെർബിയയുടെ നൊവാക് ദ്യോക്കോവിച്ചിനോട് പരാജയപ്പെടുകയായിരുന്നു. 21 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള റാഫേൽ നദാലിന് തൊട്ട് പിന്നിലാണ് ടെന്നീസ് ചരിത്രത്തിൽ ഫെഡററുടെ സ്ഥാനമെങ്കിലും, പ്രതിഭ കൊണ്ടും പോരാട്ട മികവ് കൊണ്ടും ഒപ്പത്തിനൊപ്പം നിൽക്കുന്ന താരങ്ങളാണ് ഇരുവരും.
To my tennis family and beyond,
With Love,
Roger pic.twitter.com/1UISwK1NIN— Roger Federer (@rogerfederer) September 15, 2022
Comments