തിരുവനന്തപുരം: കിടപ്പുമുറിയിൽ കയറി കോളേജ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശിനി അഭയയ്ക്കാണ് കടിയേറ്റത്. മുറിയിൽ ഉറങ്ങുകയായിരുന്ന അഭയയുടെ കൈയിലാണ് നായ കടിച്ചത്. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇരു ചക്ര വാഹനങ്ങൾക്ക് കുറുകെ തെരുവ് നായ ചാടി നാല് പേർക്ക് പരിക്കേറ്റിരുന്നു. മാവൂരിലെ സംഭവത്തിൽ ചെട്ടിക്കടവ് സ്വദേശികളായ ഷബീർ, അഭിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്. കോഴിക്കോട്- ഉള്ളിയേരി സംസ്ഥാന പാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ബാലുശേരി ബിഎഡ് കോളേജിലെ വിദ്യാർത്ഥികളായ അംജദ്, അമൽ എന്നിവർക്കാണ് പരിക്കേറ്റത്.
കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ റോഡിലൂടെ നടന്നുപോയ വിദ്യാർത്ഥിനിയെ തെരുവ്നായ ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടടുത്ത കടയിൽ ഓടി കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.തെരുവുനായ്ക്കൾക്ക് എത്രയും വേഗം വാക്സിനേഷൻ നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനായി അഞ്ച് ലക്ഷം വാക്സിനുകൾ എത്തിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Comments