എറണാകുളം: ചന്ദ്രബോസ് കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മുഹമ്മദ് നിഷാമിന് തിരിച്ചടി. ഹർജി ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിഷാം കോടതിയിൽ ഹർജി നൽകിയത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. ജീവപര്യന്തവും ഇതിന് പുറമേ വിവിധ വകുപ്പുകൾ പ്രകാരം 24 വർഷം തടവുമാണ് നിഷാമിന് വിധിച്ചിരുന്നത്. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതിയുടേത് ആയിരുന്നു വിധി. എന്നാൽ ദീർഘകാലമായി ജയിലിൽ കഴിയുകയാണെന്നും അതിനാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് നിഷാം കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. 2016 ജനുവരി മുതലാണ് നിഷാം ശിക്ഷ അനുഭവിക്കുന്നത്.
ഇതിനിടെ നിഷാമിന് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയും കോടതി തള്ളി. അതേസമയം വിധിയിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ പ്രതികരിച്ചു.
Comments