തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ തകർച്ചയ്‌ക്ക് കാരണം കാലം തെറ്റി പെയ്യുന്ന മഴയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയണമെന്നും പ്രളയത്തെ പ്രതിരോധിക്കുന്ന നിർമ്മിതികളാണ് ഇനി കേരളത്തിന് ആവശ്യമെന്നും മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ മഴയ്‌ക്ക് വരെ മാറ്റം വന്നിട്ടുണ്ട്. കാലാവസ്ഥ മനസിലാക്കി എങ്ങനെ റോഡ് നിർമ്മിക്കാം എന്നാണ് ചിന്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഒരു പ്രധാന പ്രശ്‌നമാണ്. ഇതിനെ നേരിടാൻ രാജ്യത്തെ വിവിധ ഐഐടികളെ പങ്കെടുപിച്ച് കൊണ്ട് പുതിയ സാങ്കേതിക വിദ്യയിലൂടെയുള്ള നിർമ്മിതികൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
കുഴിയിൽ വീണ് പരിക്കേൽക്കുന്നവർക്കും മരിക്കുന്നവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുന്നത് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. റണ്ണിങ് കോൺട്രാക്ട് ഫലപ്രദമായി നടപ്പിലാക്കിയാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് റോഡിൽ കുഴിയുണ്ടെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണയാൾ കഴിഞ്ഞ ദിവസം മരിച്ചു. ഇത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
Comments