മലപ്പുറം : കാലിക്കറ്റ് സർവ്വകലാശാല ലൈബ്രറിയുടെ ഡിസ്‌പ്ലേ ബോക്‌സിൽ നിന്നും എടുത്ത് മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം തിരിച്ചുവെച്ചു. മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്നാണ് ലൈബ്രറി ഡിസ്‌പ്ലേയിൽ നിന്ന് മോദി @20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകം എടുത്ത് മാറ്റിയത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ മണിക്കൂറുകൾക്കകം പുസ്തകം തിരിച്ചുവെയ്‌ക്കുകയായിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള 20 വർഷത്തെ ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രമുഖർ വിലയിരുത്തുന്നതാണ് പുസ്തകം.
മതമൗലികവാദ സംഘടനയിൽ പെട്ട ചില വിദ്യാർത്ഥികളാണ് പുസ്തകം സർവ്വകലാശാല ലൈബ്രറിയിൽ ഡിസ്‌പ്ലേ ചെയ്യുന്നതിനെ എതിർത്തത്. ഈ എതിർപ്പ് ശക്തമായതോടെ സർവ്വകലാശാലയും ഇവർക്ക് മുന്നിൽ മുട്ടുകുത്തി പുസ്തകം എടുത്തുമാറ്റി. എന്നാൽ സർവ്വകലാശാലയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് പാകിസ്താൻ അനുകൂല സമീപനമാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചത്. ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ യൂണിവേഴ്‌സിറ്റി അധികൃതർ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സർവ്വകലാശാല നടപടിക്കെതിരെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച മാർച്ച് നടത്തി. മതതീവ്രവാദികൾക്ക് വേണ്ടിയാണ് സർവ്വകലാശാല പ്രവർത്തിക്കുന്നത് എന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെതിരെ നടപടിയെടുക്കണം. സംസ്ഥാന സർക്കാർ മതമൗലിക വാദികളുടെ നിലപാടുകൾക്ക് അനുകൂലമായി നിൽക്കുന്നുവെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം ഉണ്ടായപ്പോൾ പുസ്തകം തിരികെ എത്തിച്ചു. ഇനിയും പുസ്തകം നീക്കം ചെയ്താൽ സെക്രട്ടറിയേറ്റിലും പുസ്തകം കൊണ്ട് വരുമെന്ന് യുവമോർച്ച പ്രസിഡന്റ് പറഞ്ഞു.
Comments