പ്രധാനമന്ത്രിയുടെ 72-ാം പിറന്നാൾ ഭാരതമൊട്ടാകെ ആഘോഷിക്കുകയാണ്. നിരവധി പ്രമുഖരാണ് ഇതിനോടകം പ്രധാനസേവകന് ആശംസ അറിയിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നരേന്ദ്രമോദിയ്‌ക്ക് ആശംസ നേർന്നു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ലക്ഷ്യവും വ്യക്തമാക്കുന്ന ‘ഏക ഭാരതത്തിന്റെ സ്രഷ്ടാവ്, ശ്രേഷ്ഠ ഭാരതം’ എന്ന ലേഖനത്തിലൂടെയാണ് യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരിക്കുന്നത്. ദേശീയത, വികസനം, ലോകശക്തിയാകാനുള്ള ദൃഢനിശ്ചയം എന്നിവയെല്ലാം സമന്വയിപ്പിച്ചുള്ള ഭാരതത്തിന്റെ ഈ യാത്രയ്‌ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നരേന്ദ്രമോദി ആണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ ഒരു ചെറിയ പട്ടണമായ വഡ്‌നഗറിൽ ജനിച്ച നരേന്ദ്ര മോദി 135 കോടി ഇന്ത്യക്കാരുടെ പ്രധാന സേവകനാകാൻ ദീർഘവും പ്രചോദനാത്മകവുമായ ഒരു യാത്ര നടത്തി. ഈ യാത്രയിൽ ജീവിതത്തിന്റെ ഓരോ ചുവടിലും നേരിടേണ്ടി വന്ന വെല്ലുവിളികളും പോരാട്ടങ്ങളും ഒരു അവസരമായി സ്വീകരിച്ചുകൊണ്ട് അദ്ദേഹം ഒരു പുതിയ ഇന്ത്യയുടെ കരകൗശലത്തിന് രൂപം നൽകിയെന്ന് ലേഖനത്തിൽ യോഗി ആദിത്യനാഥ് പറയുന്നു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനും പ്രവർത്തന ശൈലിക്കും കാഴ്ചപ്പാടിനും ദൗത്യത്തിനും കഴിഞ്ഞ 20 വർഷമായി രാജ്യവും ലോകവും സാക്ഷിയാണ്.
വർഗീയതയുടെയും പ്രീണനത്തിന്റെയും നയത്താൽ ദീർഘകാലം മുറിവേറ്റ മാനവികത, ‘എല്ലാവരെയും സ്പർശിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന’ നേതൃത്വത്തിനായി ആഗ്രഹിച്ചു. ചൂഷണം ചെയ്യപ്പെടുന്നവരും അവഗണിക്കപ്പെട്ടവരുമായ ജനസമൂഹം ഒരു ശക്തമായ ശബ്ദം ആഗ്രഹിച്ചു. ഛിദ്രശക്തികളുടെ ദുഷ്പ്രയത്നങ്ങളിൽ നിന്ന് മോചിതരായി ‘ഏക് ഭാരതം- ശ്രേഷ്ഠ ഭാരതം’ ആയി രാജ്യത്തെ വീണ്ടും കാണാൻ ജനങ്ങൾക്ക് ദാഹമുണ്ടായിരുന്നു. 2014-ൽ രാജ്യവും ജനങ്ങളും മോദിയുടെ നേതൃത്വത്തെ സന്തോഷപൂർവം അംഗീകരിച്ചതിന്റെ കാരണവും ഇതാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നടപ്പാക്കിയ ഒരോ വികസന, ജനക്ഷേമ പദ്ധതികൾ ലേഖനത്തിൽ യോഗി ആദിത്യനാഥ് കൃത്യമായി വിവരിക്കുന്നുണ്ട്. രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് പ്രധാനമന്ത്രി വലിയ തീരുമാനങ്ങൾ എടുത്തത്. എന്നാൽ ജനങ്ങൾക്ക് അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാൽ അത്തരം തീരുമാനങ്ങൾ തിരുത്താനും അദ്ദേഹം മടികാണിച്ചില്ല എന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാണിച്ചു. പൊതുവികാരത്തോടുള്ള ആദരവിന്റെയും ജനാധിപത്യ സൗന്ദര്യത്തിന്റെയും ഏറ്റവും മികച്ച സംയോജനത്തിന്റെ അടയാളമാണിത്. ദേശീയതയുടെയും വികസനത്തിന്റെയും സുവർണ്ണ സങ്കൽപ്പമുള്ള ഒരു ആഗോള ശക്തിയായി രാജ്യത്തെ നിർമ്മിക്കാൻ കഴിയുന്ന വിദഗ്‌ദ്ധനായ കരകൗശലകാരനാണ് പ്രധാനമന്ത്രി മോദിയെന്ന് അദ്ദേഹം പ്രശംസിക്കുന്നു.
Comments