മുംബൈ : വനിതകൾ എല്ലാ മേഖലകളുടെയും നേതൃസ്ഥാനത്തേക്ക് വരേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വനിതാ കോർപ്പറേറ്റ് നേതാക്കൾ കൂടുതൽ നേതൃത്വപരമായ റോളുകൾ തിരഞ്ഞെടുക്കുകയും മുൻനിരയിലെത്തുകയും വേണം. മുംബൈയിലെ ബിഎസ്ഇ ആസ്ഥാനത്ത് നടന്ന വനിതാ ഡയറക്ടർമാരുടെ കോൺക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന കേന്ദ്ര മന്ത്രി.
കോർപ്പറേറ്റ് ലോകത്ത് മതിയായ വനിതാ നേതാക്കൾ ഇല്ല. നേതൃത്വപരമായ സ്ഥാനങ്ങളിൽ തുടരാൻ തങ്ങൾ അർഹരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കണം എന്ന ചിന്തയാണ് അതിന് കാരണം. കൂടുതൽ സ്ത്രീകൾക്ക് പരിശീലനം നൽകുക മാത്രമാണ് ഇതിന്റെ പോംവഴിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കണക്കനുസരിച്ച് ആഭ്യന്തര കമ്പനികളുടെ ബോർഡിലെ ശരാശരി സ്ത്രീകളുടെ എണ്ണം 1.03 ശതമാനമാണ്. ഇവരിൽ 58 ശതമാനം സ്വതന്ത്ര ഡയറക്ടർമാരാണ്, അതേസമയം 42 ശതമാനം സ്വതന്ത്രരല്ല. ഡയറക്ടർ ബോർഡുകളിൽ കൂടുതൽ വനിതകൾ ഉള്ള കമ്പനികൾ കൂടുതൽ ലാഭത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നത് ആഗോളതലത്തിൽ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.
” നിങ്ങൾക്ക് ലാഭം വേണമെങ്കിൽ ഞങ്ങളെയും ഉൾപ്പെടുത്താം. ഞങ്ങളെ ഒരിക്കലും അവഗണിക്കാൻ കഴിയില്ല” കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
വൻകിട കമ്പനികളിൽ വനിതാ ഡയറക്ടർമാരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുന്നുണ്ടെങ്കിലും, പൊതുമേഖലാ ബാങ്കുകളും സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി കമ്പനികൾ ഇപ്പോഴും സ്ത്രീകളെ നേതൃസ്ഥാനത്ത് നിന്നും മാറ്റി നിർത്തുന്നുണ്ട്. അതിനാൽ ഇപ്പോൾ ചർച്ച നടത്തേണ്ടത് ബന്ധപ്പെട്ട കമ്പനികളാണ്. കൂടുതൽ സ്ത്രീകളെ ബോർഡിൽ ഉൾപ്പെടുത്താൻ സർക്കാരിന് കമ്പനികളിൽ സമ്മർദ്ദം ചെലുത്താൻ കഴിയില്ല. അതിന് കോർപ്പറേറ്റ് ലോകവും സമൂഹവും തന്നെ മുന്നിട്ടിറങ്ങണം എന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Comments